തിരുവനന്തപുരം : സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കൂടുതല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്ത്. ഏറണാകുളത്തെ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവാണ് വിസ്മയാസ് മാക്സ് അക്കാദമിക്കെതിരെ ആദ്യമായി രംഗത്ത് വന്നത്. മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ ഇദ്ദേഹം തനിക്കും മകനും നേരിട്ട ദുരവസ്ഥ തുറന്നു പറഞ്ഞതോടെ പത്തനംതിട്ട മീഡിയ ഇത് വാര്‍ത്തയായി പ്രസിദ്ധീകരിക്കുകയായിരുന്നു. കോട്ടയത്തെ മാധ്യമപ്രവര്‍ത്തകരായ ദമ്പതികള്‍ നേരിട്ടതും സമാനമായ അനുഭവമായിരുന്നു. നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിനെതിരെ കൂടുതല്‍പ്പേര്‍ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്.
വാര്‍ത്ത വന്നതോടെ സമാനമായ അനുഭവങ്ങള്‍ നേരിടേണ്ടിവന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പത്തനംതിട്ട മീഡിയായുമായി ബന്ധപ്പെട്ടു. ഇതിനെത്തുടര്‍ന്ന് വിസ്മയാസ് മാക്സ് തട്ടിപ്പിന് ഇരയായവരെ ഒന്നിപ്പിക്കുന്നതിനുവേണ്ടി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമിയുടെ തട്ടിപ്പിനും ഭീഷണിക്കും ഇരയായ ഇരുപത്തിയഞ്ചോളം പേര്‍ ഇപ്പോള്‍ ഇതില്‍ അംഗങ്ങളാണ്. മലയാളത്തിന്റെ അതുല്യ നടന്‍ മോഹന്‍ലാലിന്റെ പേരില്‍ നടക്കുന്ന ഈ തട്ടിപ്പിനെതിരെ നിയമനടപടിയുമായി മുമ്പോട്ട് പോകുമെന്ന് ഗ്രൂപ്പിന്റെ കോ-ഓഡിനേറ്റര്‍ ജോ ജോഹര്‍ പത്തനംതിട്ട മീഡിയായോട് പറഞ്ഞു.
അനിമേഷന്‍ പഠനത്തിനുവേണ്ട മതിയായ സൌകര്യങ്ങള്‍ ഒന്നും ഇല്ലാത്ത വെറും തട്ടിക്കൂട്ട് സ്ഥാപനമാണ് ഇതെന്നും ഭീഷണിയും ഗുണ്ടായിസവുമാണ് ഇവിടെ നടക്കുന്നതെന്നും വിദ്യര്‍ത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നു. ചോദിക്കുന്ന പണം നല്‍കിയെങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കൂ. വിദ്യാഭ്യാസത്തിന്റെ പേരില്‍ യാതൊരു നീതീകരണവുമില്ലാത്ത പകല്‍കൊള്ളയാണ് ഇവിടെ നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. പലരുടെയും ഉപരിപഠനം മുടങ്ങിക്കഴിഞ്ഞു. ഭീഷണിയില്‍ ഭയന്നാണ് ഇക്കാര്യങ്ങള്‍ ഇതുവരെ ആരോടും പറയാതിരുന്നതെന്നും ഇവര്‍ പറയുന്നു. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ക്ഷുദ്രജീവികളുടെ താവളമാണ് ഇവിടം. ഇത് വെളിവാക്കുന്ന തെളിവുകളും ഇവര്‍ പത്തനംതിട്ട മീഡിയാക്ക് നല്‍കി. >>> വാര്‍ത്തകള്‍ തുടരും.