നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ 16 വയസ്സുകാരന് കോവാക്സിന് പകരം നൽകിയത് കോവിഷീൽഡ് വാക്സിൻ. 15 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ മാത്രമേ നൽകാവുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ജനുവരി നാലു മുതലാണ് രാജ്യത്ത് കൗമാരക്കാർക്കുള്ള വാക്സിൻ വിതരണം ആരംഭിച്ചത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയെ തുടർന്ന് ഹെൽത്ത് ഓഫീസർ ഡോ. ഹർഷൽ നെഹ്തെ ആരോഗ്യകേന്ദ്രം സന്ദർശിക്കുകയും അധികൃതർക്ക് തെറ്റ് പറ്റിയതായി സമ്മതിക്കുകയും ചെയ്തു. വാക്സിനെ തുടർന്നുണ്ടായ ആശയക്കുഴപ്പങ്ങൾ കൊണ്ടാണ് കുട്ടിക്ക് കോവിഷീൽഡ് നൽകിയതെന്നാണ് ഹെൽത്ത് സെന്‍റർ അധികൃതർ പറയുന്നത്. ഇതുവരെ കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ട് മാസത്തിന് ശേഷം അടുത്ത വാക്സിൻ എടുക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.