ഇന്ന് ലോകകപ്പ് ഫൈനൽ കളിക്കാനിറങ്ങുന്ന അർജന്റീനക്ക് സമ്മർദങ്ങൾ ഏറെയാണ്. ലയണൽ മെസ്സിയെന്ന മഹാനായ കളിക്കാരന് തന്റെ കിരീടത്തിലെ പൊൻതൂവലായി ഒരു വേൾഡ് കപ്പ് സമ്മാനിക്കുക എന്നത് അർജന്റീനൻ ടീമിലെ ഓരോരുത്തരുടേയും ലക്ഷ്യമാണ്. ഇതിന്റെ സമ്മർദ്ദം മുഴുവൻ അനുഭവിക്കുന്നയാളാണ് കോച്ച് ലയണൽ സ്കലോണി.
ശനിയാഴ്ച്ച തന്റെ ജന്മ നാടായ പ്യൂജാറ്റോയിലെ ആരാധകരോട് സംസാരിക്കവെ നിയന്ത്രണംവിട്ട് സ്കലോണി വിതുമ്പിക്കരഞ്ഞു. ആരാധകർ അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും സ്കലോണിയുമായി പങ്കുവക്കവേയാണ് അദ്ദേഹം കരഞ്ഞത്. ‘ഞാനൊരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞുപോയി. എന്റെ നഗരത്തിലെ എല്ലാ മനുഷ്യർക്കും ആശംസകൾ. നമ്മൾ മറക്കാനാകാത്ത ഒരു മുഹൂർത്തത്തിലാണ്’-സ്കലോണി പറഞ്ഞു.
‘ജനങ്ങൾക്ക് അവർ അർഹിക്കുന്ന സന്തോഷം നൽകാനാവുമെന്നാണ് പ്രതീക്ഷ. കളിക്കാൻ അതിനായി പൂർണമായും സമർപ്പിച്ചവരാണ്. നാളെ വിജയിച്ച് എല്ലാവർക്കും അഭിമാനിക്കാനാവുന്ന നേട്ടത്തിൽ എത്താനാവുമെന്നാണ് പ്രതീക്ഷ’-സ്കലോണി പറഞ്ഞു.
ഖത്തർ ലോകകപ്പിനെത്തിയ പരിശീലകരിലെ പ്രായം കുറഞ്ഞയാളാണ് അർജന്റീനൻ കോച്ച് ലയണൽ സ്കലോണി. ജോർജെ സാംപോളിയുടെ കോച്ചിങ് സ്റ്റാഫിൽ അംഗമായാണ് സ്കലോണി രംഗത്തെത്തുന്നത്. 2018 ലോകകപ്പിൽ അർജന്റീന പുറത്തായപ്പോൾ അതേ സാംപോളിക്ക് പകരക്കാരനായി പാബ്ലോ അയ്മർക്കൊപ്പം ദേശീയ ടീമിന്റെ താൽക്കാലിക ചുമതല.
പിന്നാലെ സ്വന്തന്ത്ര ചുമതലയിൽ ടീമിന്റെ സ്ഥിരം കോച്ച്. കോപ അമേരിക്കയിൽ മൂന്നാം സ്ഥാനവുമായി തുടങ്ങി 2021 കോപയിൽ ബ്രസീലിനെ തോൽപിച്ച് സ്കലോണിയുടെ ടീം കപ്പുമടിച്ചു. പിന്നാലെ ഫൈനലിസിമയിൽ ഇറ്റലിയെ തോൽപിച്ചും കിരീടധാരണം.അർജന്റീനയെ 60 മത്സരങ്ങളിൽ പരിശീലിപ്പിച്ച സ്കലോണിക്ക് 41 വിജയങ്ങളുണ്ട് (68 ശതമാനം).
മെസ്സിയെ മാത്രം ചുറ്റിപ്പറ്റി നിന്ന അർജന്റീന ടീമിനെ സൂപ്പർ താരത്തിന്റെ പ്രാധാന്യം കുറക്കാതെതന്നെ മറ്റുള്ളവരെകൂടി മികച്ച രീതിയിൽ ഉപയോഗിക്കുന്ന കളിസംഘമാക്കി മാറ്റി എന്നതാണ് സ്കലോണിയുടെ വിജയം. മെസ്സിയടക്കമുള്ള കളിക്കാരുമായുള്ള മികച്ച വ്യക്തിബന്ധവും ആശയവിനിമയവും സ്കലോണിയുടെ വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്.
കോച്ചിന്റെ ചുമതല ഏറ്റെടുക്കുന്നതിന് വളരെ മുമ്പുതന്നെ ലയണൽ സ്‌കലോണി അർജന്റീനയുടെ കുപ്പായം ധരിച്ചിരുന്നു. 1997-ൽ മലേഷ്യയിൽ നടന്ന അണ്ടർ-20 ലോകകപ്പ് ജേതാക്കളായി. പിന്നീട് 2006-ൽ ജർമ്മനിയിൽ നടന്ന ലോകകപ്പിലും അദ്ദേഹം കളിച്ചു.
ക്ലബ് അനുഭവപരിചയമില്ലാത്ത, സീനിയർ കോച്ചിങ് അനുഭവം തീരെയില്ലാത്ത മഹാനായ ലയണൽ മെസ്സി അടങ്ങുന്ന ഒരു ടീമിനെ എങ്ങനെ നയിക്കുമെന്ന് വിമൾശകർ തുടക്കകാലത്ത് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അതേ വിമർശകർ ഇന്ന് നിശബ്ദരാണ്.
‘ഞാൻ ജോലി ഏറ്റെടുക്കുമ്പോൾ മുതൽ വിമർശനങ്ങളുണ്ട്. വിമർശനം എനിക്കിപ്പോൾ സാധാരണ സംഭവമാണ്. നിങ്ങൾ അർജന്റീന ടീമിന്റെ മുഖ്യ പരിശീലകനായിരിക്കുമ്പോൾ ഇതെല്ലാം സാധാരണയാണ്. ഞാൻ എന്റെ ജോലി ചെയ്തു. ദേശീയ ടീമിനായി ഏറ്റവും മികച്ചത് ചെയ്തു. വിമർശനം എന്നെ ഒരിക്കലും അലട്ടിയില്ല’-സ്കലോണി പറയുന്നു.