കൊച്ചി: കൊളോണിയൽ കാലത്തെ ജഡ്ജിമാർക്ക് അവരുടെ ജന്മനാട്ടിലേക്ക് പോകുവാൻ വേണ്ടി രണ്ടുമാസം അവധി പ്രഖ്യാപിച്ച അപരിഷ്കൃത നിയമം മാറ്റണം എന്നും പാശ്ചാത്യവൽക്കരിക്കലല്ല ആധുനികത എന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ രാജാറാം മോഹൻറോയിയുടെ 250-ാം ജയന്തി ആഘോഷ വേളയിൽ ആയിരുന്നു മുരധീരന്റെ പ്രസ്താവന.
പഞ്ചായത്ത് തൊട്ട് മുകളിലേക്ക് ഉള്ള എല്ലാ സംവിധാനങ്ങളും അവധി കൂടാതെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ കോടതികളും അത്തരത്തിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിലെ അനാചാരങ്ങൾ തുടച്ചു മാറ്റണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ആധ്യാത്മികതയും ബൗദ്ധികയും സമന്വയിപ്പിച്ചുകൊണ്ടുള്ള ദർശനങ്ങളിൽ ഊന്നി ഉപനിഷത്തുകളെ മുറുക്കെപിടിച്ചു കൊണ്ട് ഉപഗ്രഹങ്ങളിലേക്ക് കുതിക്കാൻ കഴിയുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീ സമത്വത്തെ കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും, മനുഷ്യത്വത്തെക്കുറിച്ചും പറയുകയും നടപ്പിലാക്കുകയും ചെയ്ത രാജാറാം മോഹൻറോയിയുടെ ആ ചിന്തകൾക്ക് വിപരീതമാണ് ഇന്ന് കേരളത്തിലെ സ്ത്രീ സമൂഹത്തെ നരബലിക്ക് ഇരയാക്കുന്നത്. ഇതിൽ ഒരു ഇടപെടൽ കേരള സമൂഹത്തിൽ ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. എൻ. ഡി പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജസ്റ്റിസ് പി. എസ്.ഗോപിനാഥൻ, ടി. ജെ. വിനോദ് എം.എൽ.എ, എം.സ്.ശ്രീകല, സി.ജി.രാജഗോപാൽ എന്നിവർ സംസാരിച്ചു.