ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് യാത്രയുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ച വിശദമായിത്തന്നെ അന്വേഷിക്കണം എന്ന് സുപ്രീം കോടതി. അദ്ദേഹം യാത്ര ചെയ്ത വാഹന വ്യൂഹം ഏതാണ്ട് ഇരുപതു മിനിറ്റോളം ഒരു ഫ്‌ളൈ ഓവറിൽ തടഞ്ഞു നിർത്തപ്പെട്ട സംഭവത്തിൽ അദ്ദേഹത്തിന്റെ ജീവനുതന്നെ ഭീഷണി ഉണ്ടായേക്കാവുന്ന സാഹചര്യമുണ്ടായി എന്നാണ് ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട യാത്രാ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടുകഴിഞ്ഞു. അതിനു പുറമെ ചണ്ഡീഗഡ് ഡിജിപി, എൻഐഎയിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവർ നോഡൽ ഓഫീസർമാരായ ഒരു സമിതിയെ ആണ് ഈ സംഭവം അന്വേഷിക്കാൻ വേണ്ടി സുപ്രീം കോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്.
സുപ്രീം കോടതി ചുമതലപ്പെടുത്തിയിട്ടുള്ള ഓഫീസർമാർ ആരും തന്നെ പഞ്ചാബ് ഗവൺമെന്റുമായോ പഞ്ചാബ് കേഡറുമായിപ്പോലുമോ ബന്ധമുള്ളവർ അല്ല എന്നത് ശ്രദ്ധേയമാണ്. ഈ കേസിലെ ദേശീയ അന്വേഷണ ഏജൻസിയുടെ ഇടപെടലും വളരെ നിർണായകമാണ്. ഇത് 1988 -ലെ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ആക്റ്റിനോടുള്ള സുപ്രീം കോടതിയുടെ നിഷ്ഠയെ ആണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര സർക്കാരിനുവേണ്ട സഹായങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യസ്ഥതയുണ്ട് എന്നാണ് ഈ നിയമം അനുശാസിക്കുന്നത്.
നേരത്തെ പഞ്ചാബ് സർക്കാർ ജസ്റ്റിസ് മെഹ്താബ് സിങ് ഗില്ലും, പഞ്ചാബ് ഗവണ്മെന്റിന്റെ ആഭ്യന്തര നീതിന്യായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അംഗങ്ങളായ ഒരു രണ്ടംഗ കമ്മിറ്റിയെ ഈ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണം പാതിവഴി എത്തി നിൽക്കെ, സുപ്രീം കോടതി മുൻകാലങ്ങളിൽ ജസ്റ്റിസ് ഗില്ലിനെതിരായി നടത്തിയിട്ടുള്ള പരാമർശങ്ങൾ നിലനിൽക്കെ ഈ സമിതിക്ക് സാധുതയില്ല എന്ന് ചൂണ്ടിക്കാണിച്ച് പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഡി എസ് പട്ട്വാലിയ തന്നെ ഇടപെട്ട് ഈ സമിതിയെ തള്ളിപ്പറയുകയുണ്ടായി. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഈ നിരീക്ഷണങ്ങളും നിർദേശങ്ങളും പുറപ്പെടുവിച്ചത്.
ഈ സംഭവത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ലോയേഴ്സ് വോയ്‌സ് എന്ന സംഘടന നൽകിയ പരാതി പരിഗണിക്കവെ ആയിരുന്നു പരമാധികാര കോടതിയുടെ ഇടപെടലുകൾ. ആവശ്യമെങ്കിൽ ഇതുസംബന്ധിച്ച സകല രേഖകളും സീൽ ചെയ്യാൻ ആവശ്യമായ എല്ലാ സഹായങ്ങളും പഞ്ചാബ് രജിസ്ട്രാർ ജനറലിന് നൽകണം എന്നും കോടതി പറഞ്ഞു. ബന്ധപ്പെട്ട രേഖകൾ എല്ലാം തന്നെ സുരക്ഷിതമായി സൂക്ഷിക്കണം എന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയും അഭിപ്രായപ്പെട്ടു.