കോഴിക്കോട്: വന്യമൃഗാക്രമണങ്ങൾക്ക് ഇരയാകുന്നവർ നഷ്ടപരിഹാരം ലഭിക്കാനായി വര്‍ഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച കൂരാച്ചുണ്ടിലെ റഷീദിന്റെ കുടുംബം, മന്ത്രി ഉറപ്പ് നൽകിയ നഷ്ടപരിഹാരം കിട്ടാൻ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഓട്ടോറിക്ഷയില്‍ കാട്ടുപന്നിയിടിച്ചുണ്ടായ അപകടത്തിലാണ് കോഴിക്കോട് കൂരാച്ചുണ്ടിലെ റഷീദ് മരിച്ചത്. റഷീദിന്റെ കുടുംബത്തിന് ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കാമെന്ന് വനംമന്ത്രി പറഞ്ഞിട്ട് വര്‍ഷം ഒന്നാവുന്നു. മന്ത്രിയുടെ ഉറപ്പ് മാത്രമാണ് ഇതുവരെ കിട്ടിയിട്ടുള്ളത്. ഇതിനിടെ കാട്ടുപന്നിയുടെ രോമം ഓട്ടോറിക്ഷക്കകത്ത് കണ്ടില്ലെന്നും അതിനാല്‍ കാട്ടുപന്നിയുടെ ആക്രമണമല്ല നടന്നതെന്നും വരുത്തീർക്കാനും ശ്രമിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ. ആശ്രയമറ്റ ആ കുടുംബത്തെ പരമാവധി ദ്രോഹിച്ചതും അപമാനിച്ചതും മാത്രം മിച്ചം. ഒരു രൂപ പോലും നഷ്ടപരിഹാരയിനത്തിൽ ഇതുവരെ ലഭിച്ചിട്ടില്ല.
നഷ്ടപരിഹാരം തേടി ഓഫീസുകള്‍ കയറിയിറങ്ങാന്‍ തന്നെ വലിയ തുക ചെലവായി. നഷ്ടപ്പെട്ട ജീവന്റെ വില ചോദിച്ച് ഹൈക്കോടതിയിലെത്തിയിരിക്കുകയാണ് ഇപ്പോൾ റഷീദിന്റെ കുടുംബം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥകള്‍ മൂലം ജീവനും സ്വത്തിനും വിലയില്ലാതെപോകുന്ന ഇങ്ങനെയുള്ള നിരവധി മനുഷ്യരുണ്ട് നമ്മുടെ ചുറ്റും. നിയമപ്രകാരം വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കിട്ടേണ്ടത് 10 ലക്ഷം രൂപ നഷ്ടപരിഹാരമാണ്. ഇതില്‍ അഞ്ച് ലക്ഷം 24 മണിക്കൂറിനുള്ളിലും ബാക്കി അഞ്ച് ലക്ഷം അടുത്ത പതിനാല് ദിവസത്തിനുള്ളിലും നല്‍കണം. വന്യജീവി ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവർക്കും കാർഷിക വിളകള്‍ നഷ്ടപ്പെടുന്നവർക്കുമായി
പ്രത്യേക നഷ്ടപരിഹാര പാക്കേജുകളുമുണ്ട്. ഇതൊക്കെ പക്ഷെ പ്രഖ്യാപനങ്ങളിലും പേപ്പറുകളിലും മാത്രമാണുള്ളത്. വന്യജീവി ആക്രമങ്ങൾക്ക് ഇരയായവർക്കുള്ള നഷ്ടപരിഹാരും ആരുടെയും ഔദാര്യമല്ല. അത് നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. എന്തിന്റെയെങ്കിലും പേരിൽ അത് നിരസിക്കാൻ ശ്രമിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണ്.