ദില്ലി: ഖത്തര്‍ ലോകകപ്പ് നേടിയ അർജന്റീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 120 മിനിറ്റിൽ ആവേശകരമായ 3-3 സമനിലയ്ക്ക് ശേഷം, പെനാൽറ്റി ഷൂട്ടൗട്ടിൽ അര്‍ജന്‍റീന 4-2 ന് വിജയിച്ചാണ് മൂന്നാം ലോക കിരീടം നേടിയത്. മത്സരത്തിന് ശേഷം പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. ട്വിറ്ററില്‍ അര്‍ജന്‍റീനന്‍ പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസിനെ ടാഗ് ചെയ്താണ് മോദിയുടെ അഭിനന്ദനം. അതേസമയം മികച്ച രണ്ടാമത്തെ സ്ഥാനത്തെത്തിയ ഫ്രാൻസിനെ ആശ്വസിപ്പിക്കുന്ന ട്വീറ്റും മോദി നടത്തി.
അർജന്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഗംഭീര വിജയത്തിൽ സന്തോഷിക്കുന്നുണ്ടെന്ന് മോദി ട്വീറ്റില്‍ പറയുന്നു.
“ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഫൈനല്‍ ഓർമ്മിക്കപ്പെടും! ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായതിന് അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ. അവർ ടൂർണമെന്റിലുടനീളം ഉജ്ജ്വലമായി കളിച്ചു. അർജന്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഗംഭീരമായ വിജയത്തിൽ ആഹ്ളാദിക്കുന്നു” – മോദി ട്വീറ്റില്‍ പറയുന്നു.
ഫിഫ ലോകകപ്പില്‍ ആവേശകരമായ പ്രകടനത്തിന് ഫ്രാൻസിന് അഭിനന്ദനങ്ങൾ. ഫൈനലിലേക്കുള്ള വഴിയിൽ തങ്ങളുടെ കഴിവും കായികക്ഷമതയും കൊണ്ട് അവർ ഫുട്ബോൾ ആരാധകരെയും സന്തോഷിപ്പിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണിനെ ടാഗ് ചെയ്ത് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
120 മിനിറ്റുകൾ നീണ്ടുനിന്ന മത്സരത്തില്‍ ഇരു ടീമും 3-3 സമനിലയില്‍ എത്തിയപ്പോള്‍. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റിയിൽ 4-2ന് തകർത്താണ് ലയണൽ മെസ്സി അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്. 1966-ൽ ഇംഗ്ലണ്ടിനായി സർ ജെഫ് ഹർസ്റ്റിന് ശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായിരുന്നു കെലിയൻ എംബാപ്പെ.