കുമളി: ഇടുക്കി കുമളിയിൽ അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേഷം മാറിയെത്തിയ വിജിലൻസ് സംഘം പിടികൂടി. വിജിലൻസ് എത്തുമ്പോൾ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മദ്യപിച്ചായിരുന്നു ഓഫീസിൽ ഉണ്ടായിരുന്നത്. കൈക്കൂലിയുമായി പിടിയിലായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും പെർമിറ്റ് സീൽ ചെയ്യാൻ കുമളി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നു എന്നായിരുന്നു വിജിലന്‍സിന് ലഭിച്ച പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ രാത്രിയിൽ അയ്യപ്പഭക്തന്മാരുടെ വാഹനത്തിൽ വേഷം മാറി വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക്പോസ്റ്റിൽ എത്തി. ആയിരം രൂപയാണ് ഇവരിൽ നിന്നും അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനോജും സഹായി ഹരികൃഷ്ണനും ചേർന്ന് വാങ്ങിയത്.
ഡ്യൂട്ടി സമയത്ത് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനോജ് മദ്യപിച്ചിരുന്നതായും വിജിലൻസിന് ബോധ്യമായി. വിജിലൻസ് പിടികൂടുമ്പോൾ മനോജ് മദ്യപിച്ചിരുന്നു എന്ന മെഡിക്കൽ പരിശോധന റിപ്പോർട്ട് അടക്കമാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. വിജിലൻസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരായ തുടർനടപടികൾ വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന.