ദില്ലി: അതിർത്തി സംഘർഷത്തെ ചൊല്ലി ഇന്നും പാർലമെന്റിൽ ബഹളം. തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടത് അംഗങ്ങളാണ് സഭ വിട്ട് ഇറങ്ങിപ്പോയത്.
ഇത് അഞ്ചാം ദിവസമാണ് ഇന്ത്യ – ചൈന അതിർത്തി സംഘർഷം പാർലമെന്റിൽ ശക്തമായ വാക്കേറ്റത്തിനും ബഹളത്തിനും കാരണമാകുന്നത്. പ്രതിപക്ഷത്ത് നിന്ന് ഇന്ന് വിഷയം ഉന്നയിച്ച് രാജ്യസഭയിൽ മനീഷ് തിവാരിയാണ് നോട്ടീസ് നൽകിയത്. എന്നാൽ ഇത് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞാണ് രാജ്യസഭാധ്യക്ഷൻ നോട്ടീസ് തള്ളിയത്.
ഒരു ഘട്ടത്തിൽ പ്രതിപക്ഷ നേതാവായ മല്ലികാർജ്ജുൻ ഖാർഗെ തന്നെ സ്പീക്കറുടെ നടപടിയിൽ പ്രതിഷേധവുമായി രംഗത്ത് വന്നു. മല്ലികാർജ്ജുൻ ഖാർഗെ അദ്ദേഹം ഇരിക്കുന്ന പദവിയുടെ അന്തസ് കളയരുതെന്ന വാദവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രംഗത്ത് വന്നു. കോൺഗ്രസ് കാലത്തെ അതിർത്തി സംഘർഷങ്ങളുന്നയിച്ചാണ് ഇദ്ദേഹം പ്രതിപക്ഷത്തിന്റെ വാദങ്ങളെ എതിർത്തത്. 2012 ൽ കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് ചൈനയുടെ കടന്ന് കയറ്റത്തെ കുറിച്ച് നടത്തിയ പ്രസ്താവന പീയുഷ് ഗോയൽ വായിച്ചു. കോൺഗ്രസിന്റെ കാലത്ത് ചൈനയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇതേച്ചൊല്ലിയായി പിന്നീടുള്ള തർക്കം.
തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കാതെ വന്നതോടെയാണ് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയത്. സഭ തടസപ്പെടുത്തുന്നതിനെ രാജ്യസഭാ അധ്യക്ഷൻ വിമർശിച്ചു. ക്രിയാത്മകമായ ചർച്ചകൾ നടക്കേണ്ട സമയമാണ് നഷ്ടമാകുന്നതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു. സമാജ്‌വാദി പാർട്ടി അംഗങ്ങൾ വിഷയം ചർച്ചയ്ക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ സഭയിൽ നിന്ന് ഇറങ്ങിപ്പോയില്ല. ലോക്സഭയിലും അതിർത്തി സംഘർഷ വിഷയത്തിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്റെ അവതരണം സ്പീക്കർ നിരാകരിച്ചു.