വയനാട്: ബഫര്‍സോണില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഷയങ്ങളും യോഗത്തില്‍ ചർച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നമുണ്ടായാലും അതിനെ പർവതീകരിക്കുകയാണ്. പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. ബഫര്‍സോണ്‍ വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ച തുടങ്ങിയ വിഷയമാണ്. എന്നാൽ വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന്. സര്‍ക്കാരിന് എതിരായ സമരങ്ങൾ കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ ആലോചന. കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് എജിയും സ്റ്റാന്‍റിങ് കൗസലുമായും ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടലും പരിഗണനയിലുണ്ട്.
ജനുവരി ആദ്യവാരമാണ് ബഫർസോൺ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജൂൺ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സർവ്വേ റിപ്പോർട്ട് നൽകാനുളള സമയപരിധി ഈ മാസം തീരുകയാണ്. സർവ്വേ റിപ്പോർട്ട് തയ്യാറാണെങ്കിലും കനത്ത പ്രതിഷേധങ്ങൾക്ക് മുന്നിൽ ആ റിപ്പോർട്ട് അപൂർണ്ണമാണെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞുകഴിഞ്ഞു. എതിർപ്പുകൾ തണുപ്പിക്കാൻ ഫീൽഡ് സർവ്വേ നടത്തുമെന്നാണ് സർക്കാരിന്‍റെ പുതിയ വാഗ്ദാനം. സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്‍റ് എൻവയോൺമെന്‍റ് സെന്‍റര്‍ തയ്യാറാക്കിയ ഉപഗ്രഹ സർവ്വ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഒരു സത്യവാങ് മൂലം കൂടി കോടതിയിൽ നൽകാനാണ് സർക്കാർ നീക്കം.
ഉപഗ്രഹ സർവേ ബഫർസോൺ മേഖലയെകുറിച്ചുള്ള ആകാശ ദൃശ്യങ്ങൾ മാത്രമാണെന്ന് പറഞ്ഞ് നേരിട്ട് പരിശോധിച്ചുള്ള വ്യക്തിഗത റിപ്പോർട്ട് അനുബന്ധമായി സമർപ്പിക്കാൻ അനുവാദം തേടാനാണ് ശ്രമം. എജിയോടും സുപ്രീംകോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിലിനോടും ഇതിന്‍റെ സാധ്യത തേടാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. ഫീൽഡ് സർവ്വേ റിപ്പോർട്ട് സമർപ്പിക്കാനുള്ള സാധ്യത തേടുമ്പോഴും കോടതി നിർദ്ദേശിച്ച പ്രകാരം സമർപ്പിക്കുന്ന ഉപഗ്രഹ സർവ്വേ അപൂർണ്ണമാണെന്ന് സംസ്ഥാനം തന്നെ സമ്മതിച്ചാലുള്ള പ്രത്യാഘാതം സർക്കാരിനെ കൂടുത സമ്മർദ്ദത്തിലാക്കുന്നു. ഇത്രനാൾ എന്ത് ചെയ്തുവന്നും എന്തുകൊണ്ട് അപൂർണ്ണമായ റിപ്പോർട്ട് തയ്യാറാക്കി എന്നുമുള്ള വിമർശനങ്ങൾ പ്രതീക്ഷിക്കാം. അനുബന്ധ റിപ്പോർട്ടിന്‍റെ അപേക്ഷ അംഗീകരിക്കണമെന്ന് നിർബന്ധവുമില്ല. സർക്കാർ തന്നെ സമ്മതിച്ച അപൂർണ്ണമായ ഉപഗ്രഹ റിപ്പോർട്ടിനെതിരെ കർഷക സംഘടനകൾ കോടതിയെ സമീപിച്ചാലും പ്രതിസന്ധിയാണ്.