ആൽവാർ∙ വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്നേഹത്തിന്റെ സന്ദേശമുയർത്തി രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്നും രാജസ്ഥാനിലെ ആൽവാറിൽ നടന്ന പൊതുപരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.സാധാരണക്കാരെ കേൾക്കാനും അവരുടെ പ്രശ്നങ്ങളിലേക്ക് അടുക്കാനും മാസത്തിൽ ഒരുതവണയെങ്കിലും സംസ്ഥാനത്തുകൂടി യാത്ര നടത്തണമെന്ന് രാജസ്ഥാൻ മന്ത്രിസഭാംഗങ്ങളോടു രാഹുൽ അവശ്യപ്പെട്ടു. ബിജെപി നേതാക്കൾ തന്നെ ആക്ഷേപിക്കുകയാണെന്നും വിദ്വേഷം പരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘‘ബിജെപി പ്രവർത്തകരോട് എനിക്ക് വെറുപ്പില്ല. കാരണം. ഞാൻ എന്റെ ആശയസംഹിതയിലാണ് നിൽക്കുന്നത്. ഞാനെന്താണ് ചെയ്യുന്നതെന്ന് അവർ ചോദിക്കുന്നു. കന്യാകുമാരി മുതൽ കശ്മീർ വരെ ഞാനെന്തിന് നടക്കുന്നുവെന്നാണ് അവരുടെ നേതാക്കൾ ചോദിക്കുന്നത്. എന്റെ ഉത്തരം ഇതാണ് – വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് ഞാൻ’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തിനായി ഒന്നും ചെയ്യാത്തവരാണ് കോൺഗ്രസിനെയും ഗാന്ധികുടുംബത്തെയും ചോദ്യം ചെയ്യുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. രാജസ്ഥാനിൽ ഏപ്രിൽ ഒന്ന് മുതൽ 500 രൂപക്ക് ഗ്യാസ് സിലിണ്ടർ നൽകുമെന്ന് പരിപാടിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു.