ബെംഗളൂരു: ഹിജാബ് നിരോധന വിവാദത്തിന് പിന്നാലെ കര്‍ണ്ണാടകയില്‍ പുതിയ വിവാദം. ഹലാല്‍ മാംസം നിരോധിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്‍റെ നീക്കം വിവാദമാകുന്നു. സംസ്ഥാനത്ത് ഹലാല്‍ മാംസം നിരോധിക്കുന്നത് സംബന്ധിച്ചുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. അതേസമയം ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സർക്കാർ ഹിന്ദുത്വ കാർഡ് കളിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അടുത്തിടെ അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ രവികുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിയമസഭയില്‍ ബില്ല് അവതരിപ്പാകാനാണ് ബിജെപിയുടെ നീക്കം. ഇതിനായി ഗവര്‍ണര്‍ക്ക് രവികുമാര്‍ കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും എംഎല്‍എയുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.
നിയമ സഭാ തെരഞ്ഞെടുപ്പിന് ഇനി ആറ് മാസം മാത്രം ബാക്കി നില്‍ക്കെയുള്ള ബിജെപിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത്തരമൊരു ബില്ലിന് അംഗീകാരം നൽകരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഹലാൽ മാംസം നിരോധിക്കുന്നത് സംബന്ധിച്ച സ്വകാര്യ ബില്ലിന് അംഗീകാരം നൽകരുതെന്ന് നിയമസഭാ സ്പീക്കറോട് അഭ്യർത്ഥിക്കുമെന്നും ഈ ബില്ലിനെ നിയമസഭയിൽ കോൺഗ്രസ് എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് ബികെ ഹരിപ്രസാദ് പറഞ്ഞു.
ബി.ജെ.പിയുടെ തന്ത്രം ഞങ്ങൾ മനസ്സിലാക്കുന്നുവെന്നായിരുന്നു കോൺഗ്രസ് നേതാവ് യു.ടി.ഖാദറിന്‍റെ പ്രതികരണം. ബിജെപി പരാജയം മുന്നില്‍ കാണുന്നുണ്ട്. സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണം, തെരഞ്ഞെടുപ്പ് വോട്ടര്‍ ഐഡി വിവരങ്ങള്‍ മോഷ്ടിച്ചതടക്കമുള്ള വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബിജെപിയുടേത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ വർഗീയമായി ധ്രുവീകരിക്കുക എന്നതാണ് ഹലാൽ വിരുദ്ധ ബില്ലിന്റെ ലക്ഷ്യമെന്നും യുടി ഖാദര്‍ പറഞ്ഞു.