തൃശൂർ: അയ്യന്തോളിൽ കൊടിത്തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയായ അഭിഭാഷകയ്ക്ക് പരിക്കേറ്റു. കേച്ചേരി സ്വദേശിയായ കുക്കു ദേവകിക്കാണ് പരിക്കേറ്റത്. കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച കൊടിത്തേരണമാണ് കഴുത്തിൽ കുരുങ്ങിയത്. പരാതി ലഭിച്ചതിന് പിന്നാലെ തോരണങ്ങള്‍ നീക്കം ചെയ്യാന്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് നിര്‍ദ്ദേശം നല്‍കി.
പാതയോരങ്ങളില്‍ യാത്രക്കാര്‍ക്ക് തടസ്സമായി കൊടിതോരണങ്ങള്‍ തൂക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴായിരുന്നു നിയമ ലംഘനം. കഴിഞ്ഞ വെള്ളിയാഴ്ച കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനം അവസാനിച്ചിരുന്നു. എന്നിട്ടും കൊടി തോരണങ്ങള്‍ നീക്കിയിരുന്നില്ല. സ്കൂട്ടറില്‍ പോവുകയായിരുന്ന അഡ്വ കുക്കു ദേവകിയുടെ കഴുത്തിലാണ് തോരണം പൊട്ടിവീണ് കുരുക്കായത്. പ്ലാസ്റ്റിക് കയര്‍ മുറുകി പരിക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രിത വേഗതയിലായതിനാൽ കുക്കു വീണില്ല.
തോരണം അഴിപ്പിക്കണമെന്ന് കാണിച്ച് കുക്കു, ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകി. തോരണം നീക്കം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കിയെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു. എങ്കിലും ഹൈക്കോടതി നിര്‍ദ്ദേശം അവഗണിച്ച് തോരണം തൂക്കിയതിന് കേസെടുത്തിട്ടില്ല. തൃശൂര്‍ ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഭാഗമായി യാത്രക്കാര്‍ക്ക് തടസ്സമായി നഗരത്തില്‍ കമാനങ്ങളും നിരന്നിട്ടുണ്ട്.