ആലപ്പുഴ ∙ ചാരുംമൂട് കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇടുക്കി ഉപ്പുതോട്കര ചിറ്റില കവല പുലിക്കയത്ത് ദീപു ബാബു (23) ആണ് അറസ്റ്റിലായത്. കട്ടപ്പനയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സിനിമ– സീരിയൽ നടൻ തിരുവനന്തപുരം നേമം പുതിയ കാരക്കമണ്ഡപം ശിവൻകോവിൽ റോഡ് സ്വാഹിദ് വീട്ടിൽ ഷംനാദ് (ശ്യാം ആറ്റിങ്ങൽ –40) ഉൾപ്പെടെ അറസ്റ്റിലായ കേസിലാണ് ദീപുവിനെയും അറസ്റ്റ് ചെയ്തത്.
ഇടുക്കിയിൽ ഷംനാദ് കള്ളനോട്ട് വിതരണം ചെയ്തിരുന്നത് ദീപു ബാബു വഴിയാണ്. കട്ടപ്പന കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ചാണ് കഴിഞ്ഞ മാസം തുക കൈമാറിയത്. ഇടുക്കി ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദീപു ബാബു. ഇയാളെ മാവേലിക്കര ജയിലിൽ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ ആറ് പേർ അറസ്റ്റിലായി.
സംഭവവുമായി ബന്ധപ്പെട്ട് 14ന് കൊല്ലം ഈസ്റ്റ് കല്ലട മുൻ പഞ്ചായത്ത് അംഗവും പ്രസിഡന്റുമായിരുന്ന കൊടുവിള മുറിയിൽ ഷാജി ഭവനത്തിൽ ക്ലീറ്റസ് (49), താമരക്കുളം പേരൂർ കാരാഴ്മ അക്ഷയ നിവാസിൽ ലേഖ (48) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യപ്രതി ഷംനാദ് ഒരു തമിഴ് സിനിമ ഉൾപ്പെടെ 3 സിനിമകളിലും 3 സീരിയിലുകളിലും അഭിനയിച്ചിട്ടുണ്ട്. കാറിൽ വരുമ്പോൾ കൊല്ലം ശാസ്താംകോട്ടയിൽ നിന്നാണ് ഷംനാദ് പിടിയിലായത്. ഇയാളുടെ പക്കൽനിന്നും കാറിന്റെ രഹസ്യ അറയ്ക്കുള്ളിൽ നിന്നുമായി 4 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. ഈ നോട്ടുകൾ മാറി ലഭിക്കുന്ന കമ്മിഷൻ തുകയുമായി മൈസൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണു പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.