ന്യൂഡൽഹി∙ ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് വ്യാപനം തുടരുകയും യുഎസിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏതു സാഹചര്യത്തെയും നേരിടാൻ തയാറായി ഇരിക്കാൻ കേന്ദ്ര നിർദേശം. പോസിറ്റീവ് കേസുകളുടെ ജീനോം സ്വീക്വൻസിങ് വർധിപ്പിക്കാൻ ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കത്തെഴുതി.
‘‘യുഎസ്, ജപ്പാൻ, കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ പൊടുന്നനെ കോവിഡ് കേസുകളിൽ വർധന ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോസിറ്റീവ് കേസുകളുടെ ജീനോം സീക്വൻസിങ് വർധിപ്പിക്കണം. ഇവ ഇന്ത്യൻ സാർസ്–കോവ്2 ജീനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ് – INSACOG) വഴി നിരീക്ഷിക്കണം. അതുവഴി രാജ്യത്തു പുതിയ വകഭേദങ്ങൾ വരുന്നുണ്ടോയെന്ന് അറിയാനാകും. ആവശ്യമെങ്കിൽ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാൻ ഇവ ഉതകും’’ – ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ കത്തിൽ പറയുന്നു.
ഇൻസാകോഗ് എന്നത് ഇന്ത്യയിലെ 50ൽ അധികം ലബോറട്ടറികളുടെ ഒരു ശൃംഖലയാണ്. കോവിഡ് കേസുകളിൽ ജനിതക വ്യതിയാനം നിരീക്ഷിക്കുകയാണ് ഇവർ ചെയ്യുന്നത്. പുതിയ വൈറസ് വകഭേദത്തിന്റെ സവിശേഷതകൾ തിരിച്ചറിയാൻ ജീനോം സീക്വൻസിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. എല്ലാ പോസിറ്റീവ് കേസുകളുടെയും സാംപിളുകൾ ഇൻസാകോഗിലേക്ക് അയയ്ക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു.
ആഗോള തലത്തിൽ ആഴ്ചയിൽ 35 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇന്ന് രാവിലെ ഇന്ത്യയിൽ 112 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആക്ടീവ് കേസുകളുടെ എണ്ണം 3,490 ആണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കിൽ പറയുന്നു.