കല്‍പ്പറ്റ: നിരവധി കഞ്ചാവുക്കടത്തുകേസില്‍ പിടിയിലായ മധ്യവയസ്‌കനും സഹായിയും വീണ്ടും പിടിയില്‍. ഒന്നര കിലോ കഞ്ചാവും സംഘത്തില്‍ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പുല്‍പ്പള്ളി കേളക്കവല തെക്കേല്‍ വീട്ടില്‍ ജോസഫ് (59), ഇയാളുടെ സഹായി മാനന്തവാടി തലപ്പുഴ സ്വദേശി പാറക്കല്‍ വീട്ടില്‍ മണി (63) എന്നിവരാണ് ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് നടത്തിവരുന്ന പ്രത്യേക പരിശോധനയില്‍ പിടിയിലായത്. മുള്ളന്‍കൊല്ലി ടൗണില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും വലയിലായത്.
ജോസഫ് മുമ്പും കഞ്ചാവ് വില്‍പ്പനക്കേസില്‍ പിടിയിലായിട്ടുള്ളതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രിസ്തുമസ്-പുതുവസ്തര ആഘോഷത്തിന്റെ മറവില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനായി കര്‍ണ്ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്നു പിടിച്ചെടുത്ത കഞ്ചാവ്. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ജനാര്‍ദ്ധനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ. ഷാജി, വി.എ. ഉമ്മര്‍, പി.കെ. മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.ബി. ശിവന്‍. ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മുത്തങ്ങ, തോല്‍പ്പെട്ടി അടക്കമുള്ള അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പൊലീസിന്റെ അടക്കം പരിശോധന കര്‍ശനമാക്കിയതോടെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ വഴി കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കാന്‍ ഊടുവഴികളും ഇടറോഡുകളുമാണ് ലഹരിക്കടത്ത് സംഘങ്ങള്‍ ഉപയോഗിക്കുന്നത്. ബൈരക്കുപ്പ പുഴയിലെ കടത്തുസര്‍വീസ് വഴി നിയമലംഘനങ്ങള്‍ നടത്തുന്നുണ്ടോ എന്ന കാര്യം വരും ദിവസങ്ങളിലും എക്‌സൈസും പൊലീസും നിരീക്ഷിക്കുന്നുണ്ട്.