തിരുവനന്തപുരം: ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ് കേസ് ഗൗരവമുള്ളതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ . ടൈറ്റാനിയത്തില്‍ തന്നെ ഇന്‍റര്‍വ്യൂ നടത്തിയതും അകത്തുള്ളവര്‍ പ്രതിയായതും കേസിന്‍റെ ഗൗരവം കൂട്ടുന്നു. ടൈറ്റാനിയത്തില്‍ നടന്ന പരിശോധനയില്‍ തെളിവുകളും രേഖകളും കിട്ടിയെന്നും വരുന്ന പരാതികളുടെ എണ്ണം നോക്കി പ്രത്യേക അന്വേഷണ സംഘം വേണോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം സിറ്റിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 8 കേസുകള്‍ ആണ്. വെഞ്ഞാറമൂട് കേസുള്‍പ്പടെ ഇതുവരെ 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി വന്നു. ഡിസിപിയുടെ നേതൃത്വത്തില്‍ മികച്ച രീതിയിലാണ് അന്വേഷണമെന്നും സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ഇതിനിടെ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു. ജോലി തട്ടിപ്പിന്റെ വിവരങ്ങൾ ലാപ്ടോപ്പിൽ ഉണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.
ശശികുമാരൻ തമ്പി ഒളിവിലാണ്. ഇയാളെ കഴിഞ്ഞ ദിവസം ടൈറ്റാനിയത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ടൈറ്റാനിയം ചെയർമാനുമായ മുഹമ്മദ് ഹനീഷ് ഇന്ന് ടൈറ്റാനിയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ ഉള്ള പ്രധാന ഇടനിലക്കാരി ദിവ്യ നായരെയും കൊണ്ട് വെഞ്ഞാറമൂട് പോലീസ് തെളിവെടുപ്പ് നടത്തും