തിരുവനന്തപുരം: പേഴുംമൂട് ധർമ്മ ശാസ്താ ക്ഷേത്രത്തിലെ പൂജാരി പാത്മനാഭന്‍ പോറ്റിയെ മർദിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പൂവച്ചൽ പേഴുംമൂട് ലക്ഷം വീട് കോളനിയിലെ സഹോദരങ്ങളായ ശരത്, ശ്യാം എന്നിവരും ഇവരുടെ സുഹൃത്ത് ലക്ഷം വീട് കോളനിയിലെ അസ്റുദീനുമാണ് ചൊവാഴ്ച പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം പേഴുംമൂട് ധർമ്മ ശാസ്താ ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരി പത്മനാഭനെ ശരത്തും ശ്യാമും, അസ്റുദീനും ചേർന്ന് മർദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂവരും പൊലീസില്‍ കീഴടങ്ങിയത്.
ശരത്തിന്‍റെയും ശ്യാമിന്‍റെയും പിതാവ് ജയചന്ദ്രനെ ക്ഷേത്രം പൂജാരിയായ പത്മനാഭന്‍ വീട്ടിലെ തടി ഉരുപ്പടികളില്‍ ജോലി ചെയ്യുന്നതിനായി ഏർപ്പെടുത്തിയിരുന്നു. ഇരുവരും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക തര്‍ക്കവുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പത്മനാഭന്‍, ജയചന്ദ്രന്‍റെ പണി ആയുധങ്ങൾ കൊണ്ട് പോകുന്നത് വിലക്കി. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പത്മനാഭന്‍, ജയചന്ദ്രനെ മര്‍ദ്ദിക്കുകയും ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലിട്ടിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ പത്മനാഭന്‍, അച്ഛനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മക്കളായ ശരത്തും ശ്യാമും കണ്ടു. ഇതേ തുടര്‍ന്ന് അച്ഛനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനാണ് ഇരുവരും സുഹൃത്തായ അസ്റുദീനൊപ്പം പുലര്‍ച്ചെ പത്മനാഭന്‍ ജോലി ചെയ്യുന്ന ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് ഇവിടെ വച്ച് മൂന്നുപേരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് പത്മനാഭനെ മൂവരും തമ്മില്‍ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. അതേ സമയം ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതികളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കും.