തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഫീൽഡ് സർവേ സർക്കാരിന് നേരത്തെ നടത്താമായിരുന്നുവെന്നും ഫീൽഡ് സർവെക്ക് നേരത്തെ ഉണ്ടായിരുന്ന സമയം സർക്കാർ പ്രയോജനപ്പെടുത്തിയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
‘ബഫർ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സർവേ നടത്തി വേണമെങ്കിൽ സാറ്റലൈറ്റ് സർവേ കൂടി നടത്തി മൂന്ന് മാസത്തിനുള്ളിൽ കൃത്യമായ വിവരം നൽകാനാണ് ജൂൺ 3 ലെ സുപ്രീം കോടതി വിധിയിൽ പറയുന്നത്. എന്നാൽ സുപ്രീം കോടതി വിധി വന്നതിന് ശേഷം സർക്കാർ സമയമുണ്ടായിരുന്നിട്ടും സർവേ നടത്തിയില്ല. പുതിയ വിവരങ്ങളല്ല ഇപ്പോൾ സർക്കാർ സുപ്രീം കോടതിയിൽ നൽകുന്നത്. പകരം 2020 -21 ൽ നടത്തിയ സർവേയിലെ വിവരങ്ങളാണ് നൽകുന്നത്. മാസങ്ങൾ സമയമുണ്ടായിരുന്നിട്ടും പുതിയ സർവേ നടത്താനുള്ള കോടതി നിർദ്ദേശം നടപ്പായില്ല’. പകരം പഴയ വിവരങ്ങൾ തന്നെ നൽകുന്നത് സർക്കാർ തലത്തിലെ പിടിപ്പുകേടിന്റെ ഫലമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
‘പഴയ ഭൂപടം പ്രസിദ്ധീകരിച്ച് പരാതികളുണ്ടെങ്കിൽ കേൾക്കാമെന്നാണ് സർക്കാർ പ്രതിഷേധമുയർന്നതോടെ പറയുന്നത്. അങ്ങനെ അല്ല ചെയ്യേണ്ടത്. പഴയ സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകാതെ, കോടതിയോട് സമയം നീട്ടി ആവശ്യപ്പെട്ട്, പുതിയ സർവേ റിപ്പോർട്ട് നൽകണം. പുതിയ സർവേയിൽ ബഫർ സോണിൽ പെടുന്ന കെട്ടിടങ്ങളുടെ കൃത്യമായ കണക്കെടുക്കണം. വീടുകൾ ദേവാലയങ്ങൾ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ അടക്കമുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കണം. ഇതനുസരിച്ച് 90% എങ്കിലും ശരിയായ പുതിയ റിപ്പോർട്ട് ആകണം സുപ്രീം കോടതിയിൽ കൊടുക്കേണ്ടത്. ജനസാന്ദ്രത വളരെ കൂടിയ പ്രദേശത്തെയാണ് ഇപ്പോൾ ബഫർ സോണായി പ്രഖ്യാപിച്ചതെന്ന് സുപ്രീംകോടതിക്ക് ഈ സർവേ റിപ്പോട്ടിലൂടെ ബോധ്യപ്പെടണം. അത് ബോധ്യപ്പെടുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയമാണ്. അത് കോടതിയെ ബോധ്യപ്പെടുത്തുന്നതിനാണ് സർവേ. അതിൽ സർക്കാർ പിടിപ്പുകേടുണ്ടായി. പഴയ സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകാതെ സമയം നീട്ടി ആവശ്യപ്പെട്ട് പുതിയ സർവേ റിപ്പോർട്ട് നൽകാൻ തയ്യാറാകണം. ജനുവരി മാസം തന്നെ കൃത്യമായി മാനുവൽ സർവേ നടത്തണം. പഞ്ചായത്ത് അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിന്റെ കൂടി സഹകരണത്തോടെയാകണം സർവേ നടത്തേണ്ടതെന്നും’ സതീശൻ നിർദ്ദേശിച്ചു.