ഗുരുവായൂര്‍: നഗരസഭയിലെ വാര്‍ഡുകളില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ നാടോടി സംഘങ്ങളുടെ രക്തപരിശോധന നടത്തി. 21 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. വാര്‍ഡ് 27ലാണ് കൂടുതല്‍ രോഗബാധിതര്‍. ജില്ല മെഡിക്കല്‍ ഓഫിസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശമനുസരിച്ചാണ് നാടോടി സംഘങ്ങളെ പരിശോധിച്ചത്.
62 പേരുടെ രക്ത സാമ്പിള്‍ പരിശോധനക്കെടുത്തു. സംഘത്തിലെ ആറ് സ്ത്രീകള്‍ ഗര്‍ഭിണികളാണ്. ഒരു വയസ്സിനുതാഴെ എട്ട് കുട്ടികളും അഞ്ച് വയസ്സിനുതാഴെ 28 കുട്ടികളുമുണ്ട്. മിക്ക കുട്ടികളും രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരും വാക്സിനേഷന് കാര്‍ഡ് ഇല്ലാത്തവരാണെന്നും കണ്ടെത്തി.
നെന്മിനി, വെട്ടത്ത് പറമ്പ് എന്നിവിടങ്ങളിലെ തദ്ദേശിയരുടെ 177 രക്തസാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. പ്രത്യേക ക്യാമ്പ് വൈസ് ചെയര്മാന് അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എ.എസ്. മനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷഫീര്‍, ബിന്ദു അജിത്ത്കുമാര്‍, കൗണ്‍സിലര്‍മാരായ കെ.പി. ഉദയന്‍, കെ.പി.എ. റഷീദ് എന്നിവര്‍ സംസാരിച്ചു. റിപ്പോര്‍ട്ട് ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറും.