മതിലകം: സെന്റ് ജോസഫ് റോമന്‍ കാത്തലിക്ക് ദേവാലയം സംഘടിപ്പിക്കുന്ന മുസ്രിസ് ക്രിസ്മസ് കാര്‍ണിവലിന് 23ന് തുടക്കമാകും. 2023 ജനുവരി ഒന്നു വരെ നീളുന്ന കാര്‍ണിവല്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
മതിലകം സെന്റ് ജോസഫ് ഹയര്‍സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കാര്‍ണിവല്‍ 23ന് വൈകീട്ട് അഞ്ചിന് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. മതിലകം എസ്.ഐ രമ്യ കാര്ത്തികേയന് പതാക ഉയര്‍ത്തുന്നതോടെ കാര്‍ണിവല്‍ വേദിയിലെ പരിപാടികള്‍ക്കും തുടക്കമാകും.
കോട്ടപ്പുറം രൂപതാ ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തും. സംഘാടക സമിതി ചെയര്മാന് ഫാ. ജോസഫ് മാളിയേക്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇ.ടി. ടൈസണ്‍ എം.എല്‍.എ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന സാസ്കാരിക സമ്മേളനങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, എം.പിമാരായ ബെന്നി ബെഹനാന്, ടി.എന്‍. പ്രതാപന്, കെ. മുരളീധരന്, മുന്‍ മന്ത്രിമാരായ സി. രവീന്ദ്രനാഥ്, അഡ്വ. വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കാര്‍ണിവല്‍ നഗരിയിലെ പ്രധാന ആകര്‍ഷണം ക്രിസ്മസ് വില്ലേജാണ്.
സാസ്കാരിക, കലാ, കായിക സേവന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ വിവിധ ദിവസങ്ങളിലായി ആദരിക്കും. ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. വരുമാനം പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.
ടെലിവിഷന്‍ താരങ്ങള്‍ അവതരിപ്പിക്കുന്ന മെഗാഷോ, റൈഡുകൾ, പെറ്റ് ഷോ, 150 രാജ്യങ്ങളുടെ നാണയ പ്രദർശനം, നാടൻ കലാമേള, മാപ്പിള കലാമേള, ഗാനമേള, ഡാൻസ് നൈറ്റ്, ഫോട്ടോ പ്രദർശനം, വിപണന സ്റ്റാളുകൾ, സ്കൂള്‍ കലോത്സവ വേദികളില്‍ സമ്മാനാര്‍ഹമായ വിദ്യാർഥികളുടെ കലാ ഇനങ്ങൾ ഉൾപ്പെടെ പത്ത് ദിവസവും വിവിധ കലാപരിപാടികള്‍ നടക്കും.
വിദ്യാർഥികള്‍ക്കായി രചനാ മത്സരങ്ങളും വിദ്യാഭ്യാസ സെമിനാറും കാര്‍ണിവലിന്റെ ഭാഗമായി നടക്കും. വാർത്തസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ഫാ. ജോസഫ് മാളിയേക്കല്‍, ഫിലിപ്പ് ഓളാട്ടുപുറം, ബൈജു ജോണ്‍, ലിജോ ജോസഫ്, ഷാജു പടമാടന്, ആന്റോ സി. ജോസ് എന്നിവര്‍ പങ്കെടുത്തു.