തിരുവനന്തപുരം: ലോകത്ത് കൊവിഡ് വർധിക്കുന്ന സാഹചര്യം നിലവിൽ വന്നതായി മുഖ്യമന്ത്രി. സംസ്ഥാനത്ത് കേസുകൾ കുറവാണ്. കൊവിഡ് ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ റാപിഡ് റെസ്പോൺസ് ടീം യോഗം ചേരും. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫർ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെയും ജീവനോപാദികളെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ബഫർ സോൺ മേഖലയിൽ നിന്നും ജനവാസ കേന്ദ്രങ്ങളും കൃഷി ഇടങ്ങളും ഒഴിവാക്കണം എന്നാണ് സർക്കാർ നിലപാട്. മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. ഈ മേഖലയിലെ എല്ലാ കെട്ടിടങ്ങളെയും ചേർത് ആകും അന്തിമ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകൂ. ബഫർ സോൺ മേഖലയിൽ താമസിക്കുന്നവർക്ക് ആശങ്ക വേണ്ട. സുപ്രീം കോടതിയിലെ പുനപരിശോധനാ ഹർജിയിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടാം യുപിഎ സർക്കാർ കാലത്താണ് ബഫർ സോൺ പ്രഖ്യാപനമുണ്ടായത്. അന്ന് ബഫർ സോൺ വിഷയത്തിൽ രണ്ടാം യുപിഎ കാലത്തെ പരിസ്ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ് കടുംപിടുത്തം കാണിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2010 ൽ സംസ്ഥാനങ്ങളെ ബഫർ സോൺ വിഷയത്തിൽ ജയറാം രമേശ് വിമർശിച്ചിരുന്നു. 2002 ലെ വന്യജീവി സംരക്ഷണ നയത്തിന്റെ ചുവടുപിടിച്ചാണ് 10 കിലോമീറ്റർ ബഫർ സോൺ ഏർപ്പെടുത്തിയത്. അന്ന് സംസ്ഥാനത്ത് യുഡിഎഫ് സർക്കാരായിരുന്നു. വിഡി സതീശൻ, ടിഎൻ പ്രതാപൻ, എൻ ഷംസൂദ്ദീൻ എന്നിവർ ചെയന്മാരായി മൂന്ന് ഉപസമിതികൾ സംസ്ഥാനത്ത് രൂപീകരിച്ചിരുന്നു. 2013 ജനുവരി 16 നാണ് സംസ്ഥാന വന്യജീവി ബോർഡിന്റെ ഉപ സമിതി യോഗം ചേർന്നത്. പിന്നീട് 2013 ഫെബ്രുവരി 11 ന് വയനാട്ടിൽ ബഫർ സോൺ നിർണയിക്കാൻ വയനാട്ടിലെ യോഗം നടന്നു.
ജനത്തിന്റെ ആശങ്ക ഉപസമിതി പരിഗണിച്ചോയെന്ന് സംശയമുണ്ട്. 12 കിലോമീറ്റർ ബഫർ സോൺ വേണമെന്നാണ് പിന്നീട് യുഡിഎഫ് സർക്കാർ നിശ്ചയിച്ചത്. ജനവാസ മേഖലകളെ ഒഴിവാക്കി എങ്കിലും രേഖകൾ കോടതിയിൽ നൽകിയില്ല. എൽഡിഎഫ് സർക്കാർ ജനവാസ മേഖലകളിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചു. ബഫർ സോണിൽ കേന്ദ്രം ഇളവുകൾ നൽകിയതും സംസ്ഥാനങ്ങളുടെ സമ്മർദ്ദം മൂലമാണ്. പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ നീളത്തിൽ ബഫർ സോൺ എന്ന ഇളവ് നൽകിയതും സംസ്ഥാന സർക്കാരാണ്. ബഫർ സോണിൽ നേരിട്ട് ഫീൽഡ് സർവേ നടത്താനും തീരുമാനിച്ചു. ജനവാസ മേഖല പൂർണ്ണമായും ഒഴിവാക്കിയാണ് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്.പിന്നീട് പ്രളയത്തിന്റെയടക്കം പശ്ചാത്തലത്തിൽ അടിയന്തിരമായി തീരുമാനമെടുക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ 12 കിലോമീറ്റർ എന്ന യുഡിഎഫ് കാലത്തെ ബഫർ സോൺ പരിധി ഒരു കിലോമീറ്ററായി എൽഡിഎഫ് നിശ്ചയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.