ജയ്പുര്‍: രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ ലീഡ് നേടുന്നതിനായി കേരളം പൊരുതുന്നു. രണ്ടാം ദിനം കളി അവസാനിച്ചപ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ രാജസ്ഥാന്‍ 337 റണ്‍സാണ് നേടിയിരുന്നത്. ഇത് മറികടക്കണമെങ്കില്‍ കേരളത്തിന് ഇനി 69 റണ്‍സ് കൂടി വേണം. സെഞ്ചുറി നേടി പുറത്താകാതെ നില്‍ക്കുന്ന സച്ചിന്‍ ബേബിയിലാണ് കേരളത്തിന്‍റെ പ്രതീക്ഷ. 109 റണ്‍സാണ് ഇതുവരെ സച്ചിന്‍ നേടിയിട്ടുള്ളത്.
സച്ചിനെ കൂടാതെ 82 റണ്‍സ് നേടിയ സഞ്ജു സാംസണിന് മാത്രമാണ് കേരള നിരയില്‍ പിടിച്ച് നില്‍ക്കാനായത്. രാജസ്ഥാന് വേണ്ടി അനികെത് ചൗധരിയും മാനവ് സുത്താറും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. നേരത്തെ, ദീപക് ഹൂഡയുടെ സെഞ്ചുറി മികവിലാണ് രാജസ്ഥാന്‍ മികച്ച സ്കോര്‍ കണ്ടെത്തിയത്. 187 പന്തില്‍ 133 റണ്‍സാണ് ദീപക് ഹൂഡ കുറിച്ചത്. യാഷ് കോത്താരി (58), സല്‍മാന്‍ ഖാന്‍ (74) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
കേരളത്തിനായി ബേസില്‍ തമ്പിയും ജലജ് സക്സേനയും മൂന്ന് വിക്കറ്റുകള്‍ വീതം പേരിലാക്കി. മറുപടി ബാറ്റിംഗില്‍ തകര്‍ച്ചതോടെയായിരുന്നു കേരളത്തിന്‍റെ തുടക്കം. ഓപ്പണര്‍മാരായ രാഹുലിനും രോഹൻ പ്രേമിനും അധിക നേരം പിടിച്ച് നില്‍ക്കാനായില്ല. യുവതാരമായ ഷോണ്‍ റോജറും മടങ്ങിയതോടെ കേരളം പരുങ്ങലിലായി. പിന്നീട് സച്ചിനും സഞ്ജവും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. സെഞ്ചുറിയിലേക്കെന്ന് തോന്നിപ്പിച്ചെങ്കിലും 82 റണ്‍സെടുത്ത സഞ്ജു മാനവിന് മുന്നില്‍ വീണു.
പിന്നീട് എത്തിയവരില്‍ 21 റണ്‍സെടുത്ത ജലക് സക്സേനയ്ക്ക് മാത്രമാണ് പിടിച്ച് നില്‍ക്കാനായത്. നേരത്തെ, രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ 85 റണ്‍സിന്‍റെ നാടകീയ ജയം സ്വന്തമാക്കി കേരളം വിജയത്തുടക്കമിട്ടിരുന്നു. അവസാന ദിവസം ലഞ്ചിന് ശേഷം ജാര്‍ഖണ്ഡിന് 323 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച കേരളം ജാര്‍ഖണ്ഡിനെ 237 റണ്‍സിന് പുറത്താക്കിയാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.