ദില്ലി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. പലപ്പോഴും ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പൊലീസിന്‍റെ ഭാഗത്ത് നിന്നും കടുത്ത നടപടി ഉണ്ടാകാറുണ്ട്. ഇപ്പോൾ ഓപ്പറേഷൻ മാസും എന്ന പേരിൽ വമ്പൻ പരിശോധനയിലൂടെ നിരവധി പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ദില്ലി പൊലീസും സൈബർ സെല്ലും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ 36 പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. 105 കേസുകൾ എടുത്തെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. ദില്ലിയിൽ വ്യാപക പരിശോധന തുടരുകയാണെന്നും കൂടുതൽ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ദില്ലി പൊലീസും സൈബർ സെൽ (ഐ എഫ് എസ് ഒ) യും ചേർന്നാണ് മാസൂം എന്ന ഓപ്പറേഷൻ നടത്തിയത്. ദില്ലിയിലെ എല്ലാ മേഖലകളിലും ഇതിന്‍റെ ഭാഗമായുള്ള പരിശോധന നടത്തുകയും തുടരുകയും ചെയ്യുകയാണ്. ചൈൽഡ് അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ടവിശദാംശങ്ങൾ സൈബർ ടിപ്പ്‌ലൈൻ റിപ്പോർട്ടും നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയും വഴിയാണ് ഐ എഫ് എസ് ഒ ശേഖരിച്ചത്. ഇതിന് ശേഷമായിരുന്നു പരിശോധനയും കസ്റ്റഡിയിലെടുക്കലും നടന്നത്. ദില്ലിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മൊത്തം 105 കേസുകളാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അശ്ലീല സൈറ്റുകൾക്കൊപ്പം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്ലോഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും പരിശോധനിച്ചാണ് ഓപ്പറേഷൻ മാസൂം നടപടി. കുട്ടികളെ സംബന്ധിച്ച സ്വകാര്യത / അശ്ലീലതയോ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം കാണുമ്പോഴെല്ലാം പരിശോധനയിൽ അത് ചുവപ്പ് ഫ്ലാഗ് ചെയ്യപ്പെടും. അശ്ലീല ഉള്ളടക്കം അപ്‌ലോഡ് ചെയ്‌ത ഉപയോക്താവിന്‍റെ ഐപി വിലാസങ്ങളും വിശദാംശങ്ങളും ശേഖരിച്ചാണ് പിന്നീടുള്ള നടപടി. കൂടുതൽ പരിശോധന തുടരുകയാണെന്നും വരും ദിവസങ്ങളിലും ഓപ്പറേഷൻ മാസൂം തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.