ന്യൂഡൽഹി: കോവിഡ് ഭീതിക്കിടെ പാർലമെന്റിൽ വീണ്ടും മാസ്ക് തിരിച്ചെത്തി. രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധാൻകർ, ലോക്സഭ സ്പീക്കർ ഓം ബിർള തുടങ്ങി ഭൂരിപക്ഷം എം.പിമാരും ഇന്ന് മാസ്ക് ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. ലോക്സഭയിൽ സ്പീക്കർ ഓം ബിർള അംഗങ്ങളോട് മാസ്ക് ധരിക്കാൻ അഭ്യർഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാസ്ക് ധരിച്ചാണ് ലോക്സഭയിലെത്തിയത്.
മാസ്കാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ബി.എഫ്.7 വേരിയന്റ് സ്ഥിരീകരിച്ചതോടെയാണ് കോവിഡിനെതിരെ വീണ്ടും ജാഗ്രത പുലർത്താൻ സർക്കാർ നിർദേശം നൽകിയത്.
കോവിഡിനെ പ്രതിരോധം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നിർണായക യോഗം ചേരുന്നുണ്ട്. യോഗത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാസ്ക് നിർബന്ധമാക്കാനുള്ള നിർദേശം യോഗത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷ.