ദില്ലി: മാസ്കുൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആശുപത്രികള്‍ സജ്ജമാക്കണമെന്നും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഉന്നത തലയോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മൂക്കിലൂടെ നല്‍കാവുന്ന വാക്സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തും.
ചൈനയിൽ സാമൂഹ്യ വ്യാപനത്തിനിടയാക്കിയ കൊവിഡ് വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. വരാനിരിക്കുന്ന ഉത്സവ കാലങ്ങളിലുള്‍പ്പടെ മാസ്ക് ധരിക്കുന്നത് കർശനമാക്കണം, കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണ നിരക്കും വർധിപ്പിക്കണം. വാക്സിനേഷൻറെ മുൻകരുതൽ ഡോസ് വിതരണം ഊർജ്ജിതമാക്കണം, സംസ്ഥാനങ്ങളിൽ ഓക്സിജൻ പ്ലാന്റുകളും വെന്റിലേറ്ററുകളും അടക്കം ആശുപത്രി സൗകര്യങ്ങൾ സജ്ജമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മാസ്കുൾപ്പടെയുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രിയും പറഞ്ഞു.
ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ തത്ക്കാലം റദ്ദാക്കില്ല. എന്നാൽ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും. ഫലം ഒരാഴ്ച്ച നിരീക്ഷിച്ച ശേഷമാകും തുടർ നടപടികൾ. വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ വിദേശത്ത് നിന്നെത്തുന്നവർക്കെല്ലാം പരിശോധന നിർബന്ധമാക്കുമെന്നും ആരോഗ്യമന്ത്രി രാജ്യസഭയിൽ പറഞ്ഞു. ചൈനയിൽ കൊവിഡ് കുതിച്ചുയരാൻ കാരണമായ ഓമിക്രോൺ ഉപവകഭേദമായ ബിഎഫ്7 ൻ്റെ നാല് കേസുകൾ ഇന്ത്യയിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ തീവ്ര ലക്ഷണങ്ങൾ ഇത് സ്ഥിരീകരിച്ചവരിൽ കണ്ടില്ലെന്നാണ് സൂചന. മാസ്ക് നിർബന്ധമാക്കണമെന്നും വിവാഹങ്ങളുടെ രാഷ്ട്രീയ കൂട്ടായ്മകളും നിയന്ത്രിക്കണമെന്നുും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. വാക്സിനേഷൻ കൂട്ടാനുള്ള ശ്രമത്തിൻറെ ഭാഗമായി മൂക്കിലൂടെ നൽകുന്ന ഭാരത്ബയോടെകിൻറെ വാക്സീൻ അടുത്തയാഴ്ച്ച മുതൽ കൊവിൻ ആപ്പിൽ ലഭ്യമാകും. മൂക്കിലൂടെ നൽകുന്ന വാക്സിൻ ബൂസ്റ്റർ ഡോസായി നൽകാൻ കഴിഞ്ഞ മാസം അനുമതി ലഭിച്ചിരുന്നു.