പാലക്കാട് : സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ ആകാശ സർവേ ഭൂപടത്തിൽ പിഴവുണ്ടെന്ന് ഡിഎഫ്ഒ എസ്. വിനോദ്. സൈലന്റ് വാലിക്ക് നേരത്തെ തന്നെ ബഫർ സോൺ ഉള്ളതിനാൽ, കൂട്ടിച്ചേർക്കൽ വേണ്ടിവരില്ല. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.
സൈലൻ്റ് വാലി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട ആകാശ ഭൂപടത്തിൽ, മണ്ണാർക്കാട് നഗരസഭ മുഴുവൻ ബഫർ സോൺ ആണെന്നാണ് ഒറ്റനോട്ടത്തിൽ തോന്നുക. മണ്ണാർക്കാട് എംഎൽഎ എൻ. ശംസുദ്ദീൻ അടക്കം ഈ ആശങ്കയാണ് പങ്കുവയ്ക്കുന്നത്. എന്നാൽ പ്രസിദ്ധപ്പെടുത്തിയ സർവേ ഭൂപടത്തിൽ പിഴവുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ബഫർ സോൺ പിങ്ക് നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, സർവേ നമ്പറുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ ചേർത്തിരുന്നില്ല. പിന്നെ എങ്ങനെ പരാതികൾ സമർപ്പിക്കും എന്ന ചോദ്യം ഉയർന്നപ്പോഴാണ്, വനംവകുപ്പ് തന്നെ വിശദീകരണം നൽകിയത്. ഭൂപടം പ്രസിദ്ധീകരിച്ചതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്.