ലോകമെങ്ങും ഫുട്ബോൾ തരംഗമായിരുന്നു കുറച്ച് നാളുകളായി. ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്കും ക്യാപ്റ്റൻ മെസ്സിക്കും ഒരുപാട് ആരാധകരും ഉണ്ട്. എന്നാൽ, മെസിയോ അർജന്റീന ടീമോ ഒട്ടും സന്തോഷിക്കാനോ അഭിമാനിക്കാനോ സാധ്യതയില്ലാത്ത ഒരു ആരാധകനും സംഘവും ന്യൂഡെൽഹിയിൽ ഉണ്ട്. ഫുട്ബോൾ കളിക്കാരൻ കൂടിയാണ് ഈ മെസി ആരാധകൻ. പേര് പിങ്കു മെസ്സി അഥവ അന്നി മെസ്സി. ഇവരുടെ ഗാംഗിന്റെ പേര് മെസ്സി ഗാംഗ്. 55 കേസുകളാണ് ഈ ഗാംഗിന്റെ പേരിലുള്ളത്. അതിൽ പ്രധാനം മോഷണം.
ഗാംഗിന്റെ അറസ്റ്റോടെ സൗത്ത് ഡൽഹിയിലെ സിആർ പാർക്ക്, ഡിഫൻസ് കോളനി, ഹൗസ് ഖാസ് പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്ത 55 കേസുകൾ പരിഹരിക്കപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. സംഘാംഗങ്ങളിൽ നിന്നും മൊത്തത്തിൽ 56 ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ബദർപൂർ സ്വദേശി അജയ് കുമാർ, ഹരിയാനയിലെ ഫരീദാബാദിൽ നിന്നുമുള്ള അജയ് എന്ന പമ്മി, ടിഗ്രി ഏരിയയിൽ താമസിക്കുന്ന ഫിറോസ് ഖാൻ, സംഘത്തലവനായ ജസോലയിൽ താമസിക്കുന്ന അന്നി മെസ്സി എന്ന പിങ്കു മെസ്സി എന്നിവരാണ് പ്രതികൾ.
കൊലപാതകമടക്കം പത്ത് കേസുകളാണ് സംഘത്തലവൻ കൂടിയായ പിങ്കു മെസ്സിയുടെ പേരിലുള്ളത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ചന്ദൻ ചൗധരി പറയുന്നതനുസരിച്ച്, ഡിസംബർ 20 -ന് സി ആർ പാർക്ക് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെയുള്ള പൊലീസ് സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു. അപ്പോഴാണ് സംശയാസ്പദമായ നിലയിൽ ഒരു ഓട്ടോറിക്ഷ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
നാല് പേർ ഓട്ടോറിക്ഷയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഈ പ്രദേശത്ത് എന്തിന് വന്നു എന്ന് ചോദിച്ചപ്പോൾ പലതും പറഞ്ഞ് അവർ പൊലീസിനെ ഒഴിവാക്കാൻ നോക്കി. എന്നാൽ, ഇവരിൽ നിന്നും പൊലീസ് 11 ഫോണുകൾ കണ്ടെടുത്തു. ഈ ഫോണുകൾ എവിടെ നിന്നാണെന്ന് ചോദിച്ചപ്പോൾ കൃത്യമായ ഒരുത്തരം നൽകാനും സംഘത്തിന് കഴിഞ്ഞില്ല. അങ്ങനെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത്.
പിന്നീട് വില കൂടിയ ഫോണുകളടക്കം 56 ഫോണുകൾ കണ്ടെത്തി. ഈ ഓട്ടോറിക്ഷയും ഇവർ സ്ഥിരം മോഷണം നടത്താൻ ഉപയോഗിക്കുന്നതാണ് എന്ന് മനസിലായി. കൂടുതൽ ചോദ്യം ചെയ്യലിൽ, തെക്ക്, തെക്ക് കിഴക്കൻ ഡൽഹിയിൽ നാലഞ്ച് വർഷമായി തങ്ങൾ മോഷണം നടത്തുന്നുണ്ട് എന്ന് പ്രതികൾ വെളിപ്പെടുത്തി. തിരക്കേറിയ സ്ഥലങ്ങളിലാണ് മോഷണം നടത്തുക. ആദ്യം ആളുകളുടെ ശ്രദ്ധ തിരിക്കുകയും പിന്നീട് മോഷ്ടിച്ച ശേഷം ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയും ചെയ്യാറാണത്രെ പതിവ്.