കൊച്ചി : നാടിനെയാകെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി കേസിൽ കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യ ഹർജി പരിഗണിക്കവേയാണ് സർക്കാർ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇലന്തൂരിൽ നടന്നത് നരബലിയാണെന്ന് സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികൾ കുഴിച്ചിട്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇത്രയും ശരീരഭാഗങ്ങൾ എങ്ങനെയാണ് പുറത്തെടുത്തതെന്ന് കോടതി ആരാഞ്ഞു. പ്ലാസ്റ്റിക് ബാഗിലാക്കിയായിരുന്നു മൃതദേഹം കുഴിച്ചിട്ടതെന്നും ആ രീതിയിൽ തന്നെ പുറത്തെടുക്കുകയായിരുന്നുവെന്നും സർക്കാർ മറുപടി നൽകി.
കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹർജിയെ സർക്കാർ കോടതിയിൽ എതിർത്തു.നരബലിയിൽ ലൈലയ്ക്ക് സജീവ പങ്കാളിത്തമുണ്ടെന്നും സമൂഹത്തെ ഞെട്ടിച്ച കൊലപാതകമാണെന്നും ജാമ്യം നൽകരുതെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ എല്ലാ മരണവും സമൂഹത്തിന് ഷോക്കാണെന്നായിരുന്നു കോടതിയുടെ മറുപടി. പ്രതിക്ക് എതിരെ നിരവധി ശാസ്ത്രീയ തെളിവുകളുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. വാദം കോടതിയിൽ തുടരുകയാണ്.
ഭഗവൽ സിംഗ് ഭാര്യ ലൈല, സുഹൃത്ത് ഷാഫി എന്നിവർ ചേർന്നാണ് ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലിയെന്ന പേരിൽ കൊലപ്പെടുത്തിയത്. ഷാഫിയും ഭഗവൽ സിംഗും ലൈലയും ചേർന്ന് ആദ്യം നരബലി നടത്തിയത് കാലടി മറ്റൂരിൽ നിന്ന് കാണാതായ റോസ്ലിയെയായിരുന്നു. ജൂൺ 8 ന് ഇത് സംബന്ധിച്ച പരാതിയിൽ കാലടി പൊലീസ് കേസ് എടുത്തിരുന്നു. അന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. രണ്ടാമതായാണ് പത്മയെ കൊലപ്പെടുത്തിയത്. ഈ കേസിലെ അന്വേഷണമാണ് നരബലിയെന്ന ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ചത്. റോസ് ലിയുടെ ശരീരഭാഗങ്ങൾ അസ്ഥികളായാണ് പൊലീസ് കണ്ടെത്തിയത്. റോസ്ലിയെ കാണാതാകുമ്പോൾ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ ഭഗവൽ സിംഗ് പത്തനംതിട്ടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയിരുന്നു. ഇവ പിന്നീട് അന്വേഷണ സംഘം വീണ്ടെടുത്തു. പത്മയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു.