തിരുവനന്തപുരം: സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ നിദ ഫാത്തിമയുടെ മൃതശരീരം ശനിയാഴ്ച പുലര്‍ച്ചെ ആറരയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തും. ഇന്ന് ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. എംബാം ചെയ്ത മൃതശരീരം വിമാനമാര്‍ഗ്ഗം വെള്ളിയാഴ്ച രാത്രി 10 മണിക്ക് നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് എത്തിക്കും. അവിടെ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുവരികയാണ്. വിമാനത്താവളത്തില്‍ നിന്ന് മൃതശരീരം ആലപ്പുഴ അമ്പലപ്പുഴയിലെ വീട്ടില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു
നിദയുടെ പിതാവ് ഷിഹാബ് നാഗ്പൂരില്‍ എത്തിയിട്ടുണ്ട്. സൈക്കിള്‍ പോളോ അസോസിയേഷന്‍ ഭാരവാഹികളും ഒപ്പമുണ്ട്. നാഗ്പൂരിലെ ആശുപത്രിയിലും മൃതശരീരം കൊണ്ടുവരുന്നതിനും വേണ്ടി വരുന്ന ചെലവുകള്‍ വഹിക്കാന്‍ അഞ്ച് ലക്ഷം രൂപ സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട്. സ്‌പോട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ നാഗ്പൂരിലെ അധികൃതരുമായും കുട്ടിയുടെ ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ്ങ് താക്കൂര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവര്‍ക്ക് മന്ത്രി വി അബ്ദുറഹിമാന്‍ കത്തയച്ചിരുന്നു. കുട്ടിയുടെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട് നീതിയുക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടവും മറ്റു കാര്യങ്ങളും ഏകോപിപ്പിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാഗ്പൂരിലെ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികള്‍ ആശുപത്രിയില്‍ സജീവമായി സഹായങ്ങള്‍ക്ക് രംഗത്തുണ്ട്.
അതേസമയം, നിദ ഫാത്തിമയുടെ മരണത്തിൽ അഖിലേന്ത്യാ സൈക്കിൾ പോളോ സെക്രട്ടറി ദിനേശ് സാൻവേ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. സമാന്തര സംഘടനയുടെ സെക്രട്ടറി പ്രവീൺ ചന്ദ്രനോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേരള സൈക്കിൾ പോളോ അസോസിയേഷൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് ജസ്റ്റിസ് വിജി അരുണിന്‍റെ ഉത്തരവ്.
കോടതി ഉത്തരവുമായി ദേശീയ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിൽ എത്തിയ താരങ്ങൾക്ക് താമസമോ ഭക്ഷണ സൗകര്യമോ ഒരുക്കാൻ അഖിലന്ത്യാ ഫെഡറേഷൻ തയ്യാറായില്ലെന്ന് ഹർജിക്കാർ ചൂണ്ടികാട്ടി. അതേസമയം കേരള സ്പോർട് കൗൺസിലിന്‍റെ അംഗീകാരമില്ലാത്ത സമാന്തര സംഘടനയിലെ കുട്ടികൾ സൗകര്യം ഒരുക്കിയെന്നും ഹർജിയിൽ പറയുന്നു. കോടതിയലക്ഷ്യ ഹർജി ജനുവരി 12 ഹൈക്കോടതി വീണ്ടും പരിഗണിക്കും.