ഇടുക്കി: ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ട് ആയി. ഇടുക്കിലെ കുമളിക്ക് സമീപം തമിഴ്നാട് അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരം അനുസരിച്ച് ഒരു കുട്ടിയടക്കം ഒമ്പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ പരിക്കേറ്റ രണ്ട് പേരെ കുമളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55),ശിവകുമാർ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാർ (43) എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കേരള തമിഴ്നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഡിക്കൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാർ വീണത്. ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തിൽ ഇടച്ചപ്പോൾ വാനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടു. ഈ സമയം അതുവഴി വന്ന ഒരു വാഹനം നിർത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒപ്പം വിവരം കുമളി പൊലീസിനെ അറിയിച്ചു. ഉടൻ തന്നെ കുമളി സിഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തം തുടങ്ങി. തമിഴ്നാട് പൊലീസും ഫയർ ഫോഴ്സും രക്ഷാപ്രവത്തനത്തിൽ പങ്കാളികളായി. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ഉടൻ തന്നെ കമ്പത്തുള്ള ആശപത്രിയിലേക്കും അവിടെ നിന്നും തേനി മെഡിക്കൽ കോളജിലേക്കുമെത്തിച്ചു. പൈപ്പിനു മുകളിൽതലകീഴായി മറിഞ്ഞു കിടന്നിരുന്ന വാഹനത്തിനുള്ളിൽ കുടുങ്ങുക്കിടന്ന മൂന്നു പേരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.