ന്യൂഡൽഹി: രാജ്യത്ത് അർഹരായവർക്കു കോവിഡ് കരുതൽ ഡോസ് (മൂന്നാം ഡോസ് / ബൂസ്റ്റർ ഡോസ്) സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ. ഓൺലൈൻ ബുക്കിങ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവിൽ വരും. കരുതൽ ഡോസ് വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. രണ്ട് ഡോസ് എടുത്തവരാണ് കരുതൽ ഡോസിന് അർഹരായവർ. ഇവർ നേരത്തേതന്നെ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തവരായതു കൊണ്ടാണ് പ്രത്യേക റജിസ്ട്രേഷന്റെ ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചത്. അർഹരായവർക്കു നേരിട്ടോ ഓൺലൈൻ വഴിയോ അപ്പോയിൻമെന്റ് എടുക്കാം. അല്ലെങ്കിൽ ഏതെങ്കിലും കോവിഡ് വാക്സിനേഷൻ സെന്ററിൽ നേരിട്ടെത്തി ഡോസ് സ്വീകരിക്കാം.