ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 32 ലക്ഷത്തോളം പേരെങ്കിലും മരിച്ചിരിക്കാമെന്ന് പഠനം. ഔദ്യോഗികമായി റിപ്പോര്‍ട്ടുചെയ്തതിനെക്കാള്‍ ആറോ ഏഴോ ഇരട്ടിവരെ മരണം ഇന്ത്യയിലുണ്ടായിരിക്കാമെന്ന് സര്‍ക്കാര്‍, സ്വതന്ത്ര വൃത്തങ്ങളെ അധികരിച്ച് നടത്തിയ പഠനം പറയുന്നു. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് വ്യാഴാഴ്ച സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു. കാനഡയിലെ ടൊറാന്റോ സര്‍വകലാശാലയിലെ പ്രൊഫസര്‍ പ്രഭാത് ഝായുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഗവേഷക സംഘമാണ് പഠനം നടത്തിയത്. 2020 മാര്‍ച്ചുമുതല്‍ 2021 ജൂലായ് വരെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി നടത്തിയ പഠനത്തില്‍ 1,37,289 പേര്‍ പങ്കെടുത്തു. ഈ കാലയളവില്‍ രാജ്യത്ത് 32 ലക്ഷം മരണങ്ങളുണ്ടായെന്നും അതില്‍ 27 ലക്ഷവും കഴിഞ്ഞവര്‍ഷം എപ്രില്‍-മേയ് മാസങ്ങളിലാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതില്‍ 29 ശതമാനവും കോവിഡ് കാരണമാണെന്ന് സംഘം കണ്ടെത്തി. എപ്രില്‍-മേയ് മാസങ്ങളിലായിരുന്നു രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചത്.
കോവിഡിനുമുമ്പത്തെക്കാള്‍ 27 ശതമാനം കൂടുതലാണ് കോവിഡിനുശേഷം രാജ്യത്തുണ്ടായ മരണങ്ങള്‍. ഇവരില്‍പലരും കോവിഡ് കാരണമുണ്ടായ മറ്റ് ആരോഗ്യപ്രശ്‌നങ്ങളാലാണ് മരിച്ചത്. ഔദ്യോഗിക കണക്കുപ്രകാരം വെള്ളിയാഴ്ചവരെ രാജ്യത്ത് 3.52 കോടി പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 4.83 ലക്ഷം പേര്‍ മരിച്ചു.
ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഇലക്ഷന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ വോട്ടിങ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ഡെവലപ്‌മെന്റ് ഡേറ്റാ ലാബ് വാഷിങ്ടണ്‍, യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ്, ഡാര്‍ട്ട്മൗത്ത് കോളേജ് എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരും പഠനസംഘത്തിലുണ്ട്.