കൊളംബോ : ശ്രീലങ്കയില്‍ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ (പത്തു കോടി യു.എസ്. ഡോളര്‍) വാഗ്ദാനം. ‘ക്യൂന്‍ ഓഫ് ഏഷ്യ’ എന്നു പേരുനല്‍കിയിരിക്കുന്ന രത്നം സ്വന്തമാക്കാന്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മുന്നോട്ടുവന്നത്. എന്നാല്‍, വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് രത്നങ്ങളുെടയും ആഭരണങ്ങളുടെയും ചുമതലയുള്ള മന്ത്രി ലോഹന് രത്വാത് പറഞ്ഞു. കണ്ടെത്തി മൂന്നുമാസത്തിനുശേഷം കഴിഞ്ഞ ഡിസംബറിലാണ് രത്നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 310 കിലോഗ്രാമാണ് ഭാരം. രത്നങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രത്നപുരയിലെ സ്വകാര്യ ഭൂമിയില്‍ നിന്നായിരുന്നു കണ്ടെത്തല്‍. നിലവില്‍ ശ്രീലങ്കന്‍ ദേശീയ രത്ന ആഭരണ അതോറിറ്റിയുടെ ലാബിലാണ് സൂക്ഷിച്ചിട്ടുള്ളത്.
കമ്പനിയും രത്നത്തിന്റെ ഉടമസ്ഥനുമായി വിലപേശല്‍ തുടരുകയാണെന്ന് ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
രത്നത്തിന് 1486 കോടി രൂപ മൂല്യമുണ്ടെന്ന് ഫ്രഞ്ച് രത്ന ഗവേഷകര്‍ അറിയിച്ചതായി ഉടമസ്ഥന് അടുത്തിടെ പറഞ്ഞിരുന്നു. ചൈന, യു.എസ്. രാജ്യങ്ങളില്‍നിന്നും വന്‍കിട കച്ചവടക്കാര്‍ രത്നം സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.