ദില്ലി: കേന്ദ്രസർക്കാർ ഇനിയും നോട്ട് നിരോധിക്കുമോ എന്ന ചോദ്യത്തിന് പാർലമെന്റിൽ മറുപടിയുമായി കേന്ദ്രമന്ത്രി. കോൺഗ്രസ് രാജ്യസഭാ എംപി രാജീവ് ശുക്ലയാണ് രാജ്യസഭയിൽ ചോദ്യമുന്നയിച്ചത്. സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം ഉണ്ടായാൽ വീണ്ടും നോട്ട് അസാധുവാക്കൽ നടപടി ഉദ്ദേശിക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുകയും നോട്ട് ഉപയോഗം കുറക്കുകയുമാണ് സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി. നാണയപ്പെരുപ്പം, ജിഡിപി വളർച്ച, പഴയ നോട്ടുകൾ മാറ്റൽ, കരുതൽ സ്റ്റോക്ക് ആവശ്യകതകൾ തുടങ്ങിയ പ്രധാന കാരണങ്ങളെ ആശ്രയിച്ചിരിക്കും അച്ചടിക്കേണ്ട നോട്ടുകളുടെ അളവ് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
ഓരോ വർഷവും അച്ചടിക്കേണ്ട നോട്ടുകളുടെ അളവും മൂല്യവും റിസർവ് ബാങ്കുമായി ആലോചിച്ച് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പണമൊഴുക്ക് കുറയ്ക്കുക എന്നത് നോട്ട് നിരോധനത്തിന്റെ ലക്ഷ്യമാണെന്ന ആരോപണം മന്ത്രി നിഷേധിച്ചു. നോട്ടുനിരോധനത്തിനുള്ള കാരണം വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ സർക്കുലർ ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ മറുപടി. സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിൽ സർക്കാർ വീണ്ടും നോട്ട് നിരോധനം ആസൂത്രണം ചെയ്യുന്നുണ്ടോ എന്നായിരുന്നു കോൺഗ്രസ് എംഎൽഎയുടെ ചോദ്യം.