മൂന്നാര്‍: ഇടുക്കിയിലെ തടിയമ്പാടിനു സമീപം ആംബുലൻസിനുള്ളിൽ വച്ച് യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ചെറുതോണി സ്വദേശി കഥളിക്കുന്നേൽ കുട്ടപ്പൻ എന്ന് വിളിക്കുന്ന ലിസൺ ആണ് പിടിയിലായത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ ലിസനെ റിമാൻഡ് ചെയ്തു. ചെറുതോണിയിലുള്ള സ്വകാര്യ ലാബിലെ ആമ്പുലൻസ് ഡ്രൈവറാണ് അറസ്റ്റിലായ കഥളിക്കുന്നേൽ ലിസൺ.
ഇതേ ലാബിലെ ജീവനക്കാരായ രണ്ടു യുവതികളെയാണ് ആംബുലൻസിനുള്ളിൽ വച്ച് ലിസൻ കടന്നു പിടിച്ചത്. ലാബിലെ ജീവനക്കാരുടെ ക്രിസ്തുമസ് ആഘോഷത്തിന് ശേഷം ഇരുവരെയും ആംബുലൻസിൽ വീട്ടിലെത്തിക്കാൻ ലാബുടമ ലിസനെ നിയോഗിച്ചു. മദ്യപിച്ചിരുന്ന ഇയാൾ തടിയമ്പാടിന് സമീപത്ത് വച്ച് യുവതികളിലൊരാളെ വാഹനം ഒടിക്കുന്നതിനിടയിൽ കടന്നു പിടിച്ചു എന്നാണ് പരാതി. പ്രശ്നമാകുമെന്ന് മനസ്സിലായ ലിസൺ യുവതികളുടെ പിന്നാലെയെത്തി അനുനയിപ്പിച്ച് വാഹനത്തിൽ വീട്ടില്‍ തിരിച്ചെത്തിച്ചു.
ഓട്ടത്തിനിടയിൽ യുവതി വാഹനത്തില്‍ നിന്നും വീഴുകയും ചെയ്തു. ഇതിനിടെ യുവതികളിലൊരാൾ അച്ഛനെ വിളിച്ച് ചുരുളി ഭാഗത്ത് കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. ചുരുളിയിലെത്തിയപ്പോൾ യുവതി ഇറങ്ങുകയും സുഹൃത്തിനെ നിർബ്ബന്ധിച്ച് പുറത്തിറക്കുകയും ചെയ്തു. ലിസൻറെ ആക്രമണത്തിൽ ഭയന്ന യുവതികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇടുക്കി പൊലീസ് ആശുപത്രിയിലെത്തി യുവതികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റ ചെയ്തു. തുടർന്ന് ലിസൻറെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മുമ്പും ഇയാൾ ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.