ലക്ക്നൌ: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിൽ വിദ്യാർത്ഥിനികളെ മന്ത്രവാദത്തിനിരയാക്കിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. വയറു വേദനയനുഭവപ്പെട്ട വിദ്യാർത്ഥിനികൾക്ക് പ്രേതബാധയാണെന്ന് ആരോപിച്ചാണ് മന്ത്രവാദിയെ സ്കൂളിലെത്തിച്ചത്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് വിചിത്രമായ സംഭവം.
ഉച്ചഭക്ഷണം കഴിച്ച ശേഷം സ്കൂളിലെ 15 വിദ്യാർത്ഥിനികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടു വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം സ്കൂൾ അധികൃതർ അവിടേക്ക് ഒരു മന്ത്രവാദിയെ വിളിച്ചുവരുത്തുകയായിരുന്നു. ഒമ്പതിനും പതിമൂന്നിനുമിടയിൽ പ്രായമുള്ള പെൺകുട്ടികളെ മന്ത്രവാദം നടത്തുന്ന ദൃശ്യങ്ങൾ പൊലീസിൻറെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഉടനെ സ്കൂളിലെത്തിയ പൊലീസ് മന്ത്രവാദിയെ ഇവിടെ നിന്നും തുരത്തിയ ശേഷം വിദ്യാർത്ഥിനികളെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തുചികിത്സ നൽകുന്നതിന് പകരം അന്ധവിശ്വാസം അടിച്ചേൽപ്പിച്ചത് വിദ്യാർത്ഥിനികളോട് കാണിച്ച മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചുവിദ്യാർത്ഥികൾക്ക് നിലവാരമില്ലാത്ത ഉച്ചഭക്ഷണം നൽകിയതാണ് ആരോഗ്യ പ്രശ്നത്തിനിടയാക്കിയതെന്നും കമ്മീഷൻറെ നോട്ടീസിൽ സൂചിപ്പിക്കുന്നു. കുട്ടികളുടെ അസുഖത്തിന് കാരണം സ്‌കൂളിലെ പ്രേതങ്ങളാണെന്ന് രക്ഷിതാക്കൾ ആരോപിച്ചത് കൊണ്ടാണ് മന്ത്രവാദിയെ വിളിച്ചതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.