തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തുന്ന മുഴുവന്‍ പേരും ഒരാഴ്ച നിര്‍ബന്ധമായി നിരീക്ഷണത്തില്‍ കഴിയണം. ഇവര്‍ എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണം. നെഗറ്റീവ് ആണെങ്കില്‍ വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നിര്‍ബന്ധിത ക്വാറന്റൈന്‍ ഒരാഴ്ചത്തേക്കാണെങ്കിലും വിദേശത്ത് നിന്നും എത്തുന്നവര്‍ ഫലത്തില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമിക്രോണ്‍ വ്യാപനം ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാനം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
സംസ്ഥാനത്ത് ഇതുവരെ 305 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.