മംഗളൂരു: മംഗളൂരു സൂറത്ത്കലിൽ വ്യാപാരിയെ കടയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. അബ്ദുൽ ജലീൽ (43) എന്ന വ്യാപാരിയാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് നഗരത്തിൽ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ പൊതുയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും വർഗീയ സംഘർഷമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി. സൗന്ദര്യവർധക വസ്തുക്കളും മറ്റ് സാധനങ്ങളും വിൽക്കുന്ന കടയുടെ ഉടമ അബ്ദുൾ ജലീലിനെ രണ്ട് പേർ ഞായറാഴ്ച രാത്രി 8 നും 8.30 നും ഇടയിലാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൊലയാളികൾ ഒളിവിലാണ്. വെട്ടേറ്റ ജലീലിനെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ എത്തിച്ചെങ്കിലും രാത്രി 10.50 ഓടെ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എജെ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറ്റി. നാലുപേരെ ചോദ്യം യ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. കൊലപാതകത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അപലപിച്ചു. കൊലയാളികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും സമാധാന ഇല്ലാതാക്കൻ അവസരം നൽകരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.