ഭോപ്പാൽ: മധ്യപ്രദേശിലെ റേവയിൽ 19കാരിയായ കാമുകിയെ ക്രൂരമായി മർദ്ദിച്ച യുവാവിനെതിരെ കർശന നടപടിയുമായി പൊലീസ്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്. പിന്നാലെ 24 കാരനായ പങ്കജ് ത്രിപാഠി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകി വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ മർദ്ദിച്ചത്. സർക്കാർ ഉത്തരവിട്ടതിനെ തുടർന്ന് ഇയാളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി. മൌഗഞ്ചിലെ ധേര ഗ്രാമ സ്വദേശിയാണ് ഇയാൾ. ഇയാളുടെ വീട് അനധികൃത ഭൂമിയിലാണ് നിർമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ടോടെ മിർസാപൂരിൽ വെച്ചാണ് ത്രിപാഠിയെ അറസ്റ്റ് ചെയ്തതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഡ്രൈവറായ ഇയാളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുക്കാൻ വൈകിയതിൽ മൗഗഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. തന്നെ വിവാഹം കഴിക്കാൻ യുവതി കാമുകനോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് പ്രകോപിതനായ യുവാവ് വീഡിയോ നിർത്താൻ ആവശ്യപ്പെടുകയും കാമുകിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മുഖത്തടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിലും മുഖത്തും ആവർത്തിച്ച് ആഞ്ഞുചവിട്ടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ബോധരഹിതയായ യുവതിയെ ഇയാൾ പൊക്കിയെടുത്ത് നിലത്ത് നിർത്തി. പീഡനത്തിനിരയായ യുവതിയും പ്രതിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് ഇയാൾ യുവതിയെ മർദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിനെതിരെയും പെൺകുട്ടി പരാതി നൽകിയിരുന്നു. ആദ്യം പരാതി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.