ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വാക്‌സീന്‍ വിതരണം 150 കോടി ഡോസ് കടന്നതിനു പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വാക്‌സിനേഷന്‍ പ്രക്രിയയില്‍ ശ്രദ്ധേയമായ ഒരു ദിവസം. 150 കോടി എന്ന നാഴികക്കല്ല് പിന്നിട്ടതില്‍ അഭിനന്ദനങ്ങള്‍. നമ്മുടെ വാക്സിനേഷന്‍ ഡ്രൈവ് അനേകം ജീവനുകള്‍ രക്ഷിച്ചു. എങ്കിലും എല്ലാ കോവിഡ് അനുബന്ധ പ്രോട്ടോക്കോളുകളും പിന്തുടരുന്നത് തുടരണം.’- പ്രധാനമന്ത്രി വെള്ളിയാഴ്ച രാത്രി ട്വീറ്റ് ചെയ്തു. വാക്‌സിനേഷന്‍ ഡ്രൈവ് വിജയിപ്പിച്ചതിന് ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു. കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ് കഴിഞ്ഞ വര്‍ഷം ജനുവരി 16നാണ് ആരംഭിച്ചത്. ആദ്യം ആരോഗ്യംപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായിരുന്നു മുന്‍ഗണന. പിന്നീട് 18 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കുമായി വിതരണം ആരംഭിച്ചു.
ഒക്ടോബര്‍ 21നാണ് വാക്‌സീന്‍ വിതരണം 100 കോടി കടന്നത്. ഈ വര്‍ഷം ജനുവരി 3ന്, 15-18 വയസ്സിനിടയിലുള്ള കൗമാരക്കാര്‍ക്കും കുത്തിവയ്പ് ആരംഭിച്ചു. ഒമിക്രോണ്‍ കേസുകള്‍ ഉള്‍പ്പെടെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനുവരി 10 മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍, 60 വയസ്സു മുതല്‍ പ്രായമുള്ള അനുബന്ധ രോഗികള്‍ എന്നിവര്‍ക്കു കരുതല്‍ ഡോസ് നല്‍കാനും ആരംഭിക്കും.