ദില്ലി: ഗുജറാത്തിൽ ബിഎസ്എഫ് ജവാനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ നദിയാദിലാണ് ക്രൂരമായ സംഭവം. മകളുടെ അശ്ലീല ദൂൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട് 15-കാരന്റെ കുടുംബവുമായി സംസാരിക്കാൻ ചെന്ന ജവാനെയാണ് കുട്ടിയുടെ കുടുംബാംഗങ്ങൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ട് പ്രകാരം, 15-കാരനായ വിദ്യാർത്ഥി സഹപാഠിയായ പെൺകുട്ടിയുടെ വീഡിയോ ഓൺലൈനിൽ പങ്കുവയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് ബിഎസ്എഫ് ജവാനായ പിതാവ് ചക്ലാസി ഗ്രാമത്തിലേക്ക് പോയത്. എന്നാൽ അവിടെയെത്തിയ അദ്ദേഹത്തെ 15-കാരന്റെ കുടുംബാംഗങ്ങൾ ആക്രമിക്കുകയായിരുന്നു. 15-കാരനും പെൺകുട്ടിയും ഒരേ സ്കൂളിൽ പഠിക്കുകയായിരുന്നു. ഇരുവരും പ്രണയിത്തിലായിരുന്നു.
എന്നാൽ പെൺകുട്ടിയുടെ അശ്ലീല ദൃശ്യം 15-കാരൻ ഓൺലൈനിൽ പങ്കുവച്ചു. കുട്ടിയുടെ കുടുംബവുമായി ഇക്കാര്യം സംസാരിക്കാനായിരുന്നു ബിഎസ്എഫ് ജവാൻ പ്രദേശത്ത് എത്തിയത്. ഭാര്യക്കും രണ്ട് മക്കൾക്കും മരുമകനും ഒപ്പമായിരുന്നു ജവാൻ അവിടെയെത്തിയത്. എന്നാൽ വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങൾ ഇദ്ദേഹത്തെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച ജവാനെ കുടുംബാംഗങ്ങൾ ആക്രമിക്കുകയായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.