തിരുവനന്തപുരം: ഇപി ജയരാജനെതിരെ സംസ്ഥാന സമിതിയിൽ പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചെന്ന വാർത്ത പുറത്തുവന്ന അതേ ദിവസം ഇരുവരും ഒരേസമയം ഒരു കല്യാണ ചടങ്ങിൽ പങ്കെടുത്തു. പാനൂരിലെ വ്യവസായിയും മുസ്ളിം ലീഗ് നേതാവുമായ പൊട്ടക്കണ്ടി അബ്ദള്ളയുടെ മകന്റെ വിവാഹ സൽക്കാരത്തിലാണ് ഇരുവരും എത്തിയത്. പൊട്ടക്കണ്ടിയോടൊപ്പം ഇപിയും പിജെയും ഒരുമിച്ചിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അധികനേരം ചിലവഴിക്കാതെ പി ജയരാജനാണ് ആദ്യം മടങ്ങിയത്.
അതേസമയം, മൊറാഴയിലെ വൈദേകം ആയൂര്‍വേദ റിസോർട്ടുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരായ ആരോപണത്തിൽ അന്വേഷണത്തിന് സിപിഎം കേന്ദ്ര നേതൃത്വം പച്ചക്കൊടി വീശി. സംസ്ഥാന കമ്മിറ്റിക്ക് അന്വേഷണം വേണോയെന്ന് തീരുമാനിക്കാമെന്ന് കേന്ദ്ര നേതാക്കൾ അറിയിച്ചു. നടപടി ആവശ്യമെങ്കിൽ മാത്രം അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യുമെന്നും നേതാക്കൾ വ്യക്തമാക്കി. അതിനിടെ, ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറിയേക്കും എന്നും സൂചനയുണ്ട്. എൽഡിഎഫ് കൺവീനർ സ്ഥാനമൊഴിയാൻ ഇപി ജയരാജൻ സന്നദ്ധത അറിയിച്ചു എന്നാണ് വിവരം. അതേസമയം ആരോപണങ്ങളെ പാർട്ടി ഫോറങ്ങളിൽ ചെറുക്കാനും ഇപിക്ക് നീക്കമുണ്ട്. ഇപിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പി ജയരാജനെതിരെ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് മുന്നിൽ പരാതി പ്രളയമാണ്.