കൊച്ചി: കഞ്ചാവുമായി മോഷണക്കേസിലെ പ്രതി പിടിയിൽ. ഐരാപുരം കൂയൂർ പാറത്തട്ടയിൽ മനുമോഹൻ (23) നെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും നൂറ്റിയമ്പത് ഗ്രാം കഞ്ചാവും, ചെറിയ പായ്ക്കിംഗ് കവറുകളും പിടികൂടി. വിദ്യാർത്ഥികൾക്കും, അതിഥി തൊഴിലാളികൾക്കുമാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ചെറിയ പാക്കറ്റുകളിലാക്കിയായിരുന്നു വിൽപ്പന.
ഇയാൾ നേരത്തെ മയക്കുമരുന്ന് കേസിലെ പ്രതിയും കൂടാതെ കുറപ്പംപടി, കുന്നത്തുനാട് പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ പ്രതിയുമാണ്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കഞ്ചാവ് പിടികൂടിയത്. ഇൻസ്പെക്ടർ വി.പി.സുധീഷ്, എസ്.ഐമാരായ എ.ബി.സതീഷ് , കെ.ആർ.ഹരിദാസ് എസ്.സി.പി.ഒ മാരായ ടി.എ.അഫ്സൽ അലിക്കുഞ്ഞ്, അഭിലാഷ് കുമാര്‍, ഇ.എസ്.ബിന്ദു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ചാവക്കാട് ഓട്ടോ റിക്ഷയിൽ കഞ്ചാവ് കടത്തിയ സംഭവത്തിലും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയിലായിരുന്നു. ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടു പേരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. കടപ്പുറം തൊട്ടാപ്പ് സ്വദേശി സജിത് കുമാർ (35) , ഒറ്റപ്പാലം മുഹമ്മദ് മുസ്തഫ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ചാവക്കാട് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സജിത് കുമാറ്‍.
സമാനമായ മറ്റൊരു സംഭവത്തില്‍ വയനാട്ടില്‍ നിരവധി കഞ്ചാവുക്കടത്തുകേസില്‍ പിടിയിലായ മധ്യവയസ്‌കനും സഹായിയും വീണ്ടും പിടിയിലായിരുന്നു.