ദില്ലി: എല്ലാ വര്‍ഷവും വാട്ട്സ്ആപ്പ് ഒരുകൂട്ടം ഫോണുകള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാറുണ്ട്. ഈ വർഷവും വ്യത്യസ്തമല്ല. വർഷം 2022 അവസാനിക്കാനിരിക്കെ, ചില ആൻഡ്രോയിഡ് ഫോണുകൾക്കും ഏതാനും ഐഫോൺ മോഡലുകൾക്കുമുള്ള പിന്തുണയും വാട്ട്‌സ്ആപ്പ് അവസാനിപ്പിക്കുകയാണ്.
ഇത് ആശങ്കാജനകമാണെന്ന് തോന്നുമെങ്കിലും, മിക്ക ഉപയോക്താക്കളും വിഷമിക്കേണ്ട അവസ്ഥയില്ലായിരുന്നു. വാട്ട്സ്ആപ്പ് പിന്തുണ അവസാനിക്കുന്ന ഫോണുകളില്‍ വലിയൊരു വിഭാഗം പഴയതും കാലഹരണപ്പെട്ടതുമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളാണ്.
ഗിസ്‌ചൈന ആദ്യമായി റിപ്പോർട്ട് ചെയ്തത് പ്രകാരം വാട്ട്സ്ആപ്പ് ആപ്പിൾ, സാംസങ് ഉൾപ്പെടെയുള്ള ബ്രാൻഡുകളില്‍ പെടുന്നത് അടക്കം ഏകദേശം 49 സ്‌മാർട്ട്‌ഫോണുകൾക്കുള്ള പിന്തുണ ഡിസംബർ 31-ന് അവസാനിപ്പിക്കുന്നു എന്നാണ്.
പ്രസ്‌താവിച്ച തീയതിക്ക് ശേഷം ആ ഫോണുകളുടെ ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് ലഭിക്കില്ല എന്നാണ് ഇതിനർത്ഥം. അപ്‌ഡേറ്റുകൾ പുതിയ ഫീച്ചറുകളും സുരക്ഷാ അപ്‌ഡേറ്റുകളും ഉൾപ്പെടെ നേരത്തെ തന്നെ വാട്ട്സ്ആപ്പ് ഈ ഫോണില്‍ നേരത്തെ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ ഒടുവിൽ സേവനവും ഈ ഫോണില്‍ പ്രവർത്തിക്കുന്നത് നിർത്തും. ലിസ്റ്റിലെ മിക്ക ഫോണുകളും വർഷങ്ങളുടെ പഴക്കമുള്ളതും വളരെ കുറച്ച് ആളുകള്‍ മാത്രം ഉപയോഗിക്കുന്നതാണ്.