തിരുവനന്തപുരം ∙ പുതുവര്‍ഷ ആഘോഷങ്ങളിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി പൊലീസ്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണം. ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിര്‍ദേശം നല്‍കും.
ഡിജെ പാര്‍ട്ടികള്‍ നടത്തുന്നവര്‍ മുന്‍കൂട്ടി പൊലീസിനെ അറിയിക്കണം. പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങള്‍ കൈമാറണം. ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നവരെ കൂടാതെ പുറമേ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ പ്രത്യേകം അറിയിക്കണം. പാര്‍ട്ടി ഹാളിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഇടങ്ങളില്‍ ക്യാമറ സ്ഥാപിക്കണം, ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ പൊലീസിനു കൈമാറുകയും ചെയ്യണം. ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്നുമാണ് പ്രധാന നിര്‍ദേശങ്ങള്‍.
ഇക്കാര്യങ്ങള്‍ കാണിച്ച് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമെല്ലാം നോട്ടിസ് നല്‍കും. നിയമലംഘനമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കും. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തും. പാര്‍ട്ടികളില്‍ സ്ഥിരമായി ലഹരിയെത്തിക്കുന്നവരുടെ പട്ടിക തയാറാക്കി നിരീക്ഷിക്കാനും ഡിജിപി അനിൽകാന്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്.