അട്ടപ്പാടി: സ്വപ്ന ജോലി കയ്യെത്തും ദൂരത്ത് നഷ്ടമായ ആരതിക്ക് ആശ്വാസം. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ അഭിമുഖത്തിന് ഹാജരാകാൻ അറിയിപ്പ് കിട്ടി. 29ആം തീയതി ഹാജരാകാനാണ് നിർദേശം. നേരത്തെ സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പ് ഹാജരാക്കാനാവാതെ വന്നതോടെ ആരതിക്ക് ജോലിക്കുള്ള അവസരം നഷ്ടമായിരുന്നു. രേഖകൾ ബോണ്ട് വ്യവസ്ഥയുടെ പേരിലാണ് സര്‍ക്കാര്‍ നഴ്സിങ് സ്കൂൾ തടഞ്ഞു വച്ചത്.
വിഷയം വാർത്തയായതോടെ, ജോലിയാവശ്യത്തിന് വേണ്ടി രേഖകൾ താത്കാലികമായി വിട്ടുനൽകുകയായിരുന്നു. ആരതിയുടെ അപേക്ഷ പരിഗണിച്ചാണ് നഴ്സിങ് സ്കൂൾ സർട്ടിഫിക്കറ്റുകൾ താത്കാലികമായി വിട്ടുനൽകിയത്. അട്ടപ്പാടിയിലെ ഷോളയൂർ കാരയൂരിലെ ആരതി. 2015ലാണ് പാലക്കാട് ഗവ. നഴ്സിങ് സ്കൂളിൽ ജനറൽ നഴ്സിങ്ങിന് ചേർന്നത്. ആറ് മാസത്തിന് ശേഷം പഠനം നിർത്തി. ഭിന്നശേഷിക്കാരനായ മകന് അസുഖം ബാധിച്ചതോടെയാണ് പഠനം മുടങ്ങിയത്. അഞ്ചുവർഷത്തിനിപ്പുറമാണ് ആരതി മറ്റൊരു ജോലിക്ക് തയ്യാറെടുത്തത്.
എന്നാല്‍ നഴ്സിങ് കോളേജില്‍ ബോണ്ട് വച്ചതിനാൽ 50,000 രൂപ നൽകാതെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകില്ലെന്ന് ആരതി പഠിച്ച സർക്കാർ സ്ഥാപനം നിലപാടെടുക്കുകയായിരുന്നു. ഒരു സർക്കാർ സ്ഥാപനത്തിൻ്റെ നിബന്ധന, ഒരു പാവപ്പെട്ട, പിന്നാക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുടെ സ്വപ്ന ജോലിക്ക് വിലങ്ങു തടിയായത് വാര്‍ത്ത നല്‍കിയിരുന്നു.