ദില്ലി: ചാൻസലർ ബില്ലിൽ രാജ്ഭവൻ നിയമപദേശം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താൻ ബിൽ കണ്ടിട്ടില്ല. കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങൾ സംസ്ഥാനത്തിന് മാത്രമായി നിയമ നിർമാണം പറ്റില്ല. കേന്ദ്രത്തിന്‍റെ അനുമതി വേണം. ഈ അഭിപ്രായം കൂടി പരിഗണിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്നാണ് ഗവർണറുടെ നിലപാട്. ചാൻസലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയതുമാണ്. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.
ലോകായുക്ത ബില്ലിലും തീരുമാനമെടുത്തിട്ടില്ല. സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ ഭേദഗതി ബില്ലിൽ ഒരു വർഷത്തിലേറെയായി ഗവർണറുടെ തീരുമാനം നീളുകയാണ്. ചാൻസലര്‍ ബില്ലിൽ തീരുമാനം അനന്തമായി നീട്ടിയാൽ നിയമവഴി തേടാനാണ് സർക്കാർ നീക്കം. നേരത്തെ ഇതേക്കുറിച്ചുള്ള ചർച്ചകൾ സർക്കാർ തുടങ്ങിയിരുന്നു. ഗവർണറെ ചാൻസലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിലും ബില്ലുകളിൽ തീരുമാനം നീട്ടരുത് എന്ന കാര്യത്തിലും പ്രതിപക്ഷം സർക്കാരിന്‍റെ നിലപാടിനൊപ്പമാണെന്ന് നിയമസഭയിൽ വ്യക്തമായതാണ്.