മായാപുരം: പാലക്കാട് ധോണി മായാപുരത്തു വീണ്ടും പി ടി 7 ഇറങ്ങി. ജനവാസ മേഖലയിലൂടെ പതിവ് സഞ്ചാരം തുടര്‍ന്ന കാട്ടാന പി ടി 7നെ വനംവകുപ്പ് ജീവനക്കാർ എത്തി ആനയെ ജനവാസ മേഖലയിൽ നിന്ന് മാറ്റാൻ ശ്രമിച്ചു. ഇതിനിടെ മേഖലയില്‍ തടിച്ചു കൂടി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു. ആനയെ പിടികൂടാൻ എന്താണ് തടസ്സമെന്നു നാട്ടുകാർ ഉദ്യോഗസ്ഥരോടെ ചോദിക്കുന്നത്. സ്ഥലത്ത് എത്തിയ വനംവകുപ്പ് വാഹനവും നാട്ടുകാര്‍ തടഞ്ഞു.
പ്രദേശത്ത് ഭീതി പടർത്തുന്ന ആനയെ മയക്കുവെടി വച്ചു പിടിക്കുമെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും നടപടികൾ വൈകുകയാണ്. ഇന്നലെയും മായാപുരത്ത് പി ടി 7 എന്ന പേരില്‍ അറിയപ്പെടുന്ന കൊലയാളി കാട്ടാന ഇറങ്ങിയിരുന്നു. മയക്കുവെടി വയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. വയനാട്ടിൽ നിന്നുള്ള ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വയ്ക്കുന്നതിനായി പി ടി 7നെ നിരീക്ഷിച്ച് വരികയാണ്.
നേരത്തെ പാലക്കാട് ധോണിയില്‍ രാത്രി എത്തുന്ന പി ടി 7 രാവിലെ മാത്രമാണ് മടങ്ങാറ്. ഇതിനിടയില്‍ കൃഷി നാശം മാത്രമല്ല മേഖലയിലെ ആളുകള്‍ക്ക് സംഭവിച്ചിട്ടുള്ളത്. തുടക്കത്തില്‍ രാത്രി മാത്രം എത്തിയിരുന്ന ആന പിന്നീട് രാപകല്‍ വ്യത്യാസമില്ലാതെ ജനവാസ മേഖലയില്‍ എത്തി തുടങ്ങിയത് വലിയ ഭീതി ആളുകളഅക്കിടയില്‍ സൃഷ്ടിച്ചിരുന്നു. ഇതിന് ആക്കം കൂട്ടിയാണ് രാവിലെ നടക്കാനിറങ്ങിയ ധോണി സ്വദേശിയെ ആന ചവിട്ടി കൊന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും പി ടി 7 ചെയ്തിരുന്നു.
മയക്കുവെടി വച്ച് പി ടി 7 നെ പിടികൂടി വയനാട്ടിലെത്തിച്ച് പരിശീലനം നല്‍കി താപ്പാനയാക്കാനാണ് വനംവകുപ്പിന്‍റെ പദ്ധതി. ഇതിനായി മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തിൽ പ്രത്യേക കൂടാണ് പി ടി 7നായി ഒരുങ്ങുന്നത്. 4 അടിയോളം വണ്ണമുള്ള 24 മരത്തൂണുകൾ ഉപയോഗിച്ചാണ് കൂട് ഒരുക്കിയത്. മെരുങ്ങുന്നതു വരെ 18 അടി ഉയരമുള്ള ഈ കൂട്ടിലായിരിക്കും പിടിയിലായാല്‍ പി ടി 7വന്‍റെ ജീവിതം.