തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻ എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ തിരുവനന്തപുരത്തേക്ക്. തനിക്കെതിരെ ഉയര്‍ന്ന അനധികൃതമായി സ്വത്ത് സമ്പാദന ആരോപണം പാർട്ടിയിൽ പ്രതിരോധിക്കാനാണ് ഇപിയുടെ നീക്കം. നാളെ രാവിലെയോടെ അദ്ദേഹം തലസ്ഥാനത്തെത്തും. നാളത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്ത് കണ്ണൂരിലെ ആയൂർവേദ റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് വിശദീകരിക്കും. മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന റിസോർട്ടിന്റെ മുൻ എംഡി കെപി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപിയുടെ പ്രധാന വാദം. ഇതാകും നാളെത്തെ യോഗത്തിലും അദ്ദേഹം വിശദീകരിക്കുക.
മൗനം ഭജിക്കുന്ന ഇപി ജയരാജൻ നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് നൽകുന്ന വിശദീകരണത്തിന്റെ ട്രെയിലറാണ് കഴിഞ്ഞ ദിവസങ്ങളിൽ വൈദികം സിഇഒയുടെ പ്രതികരണമായി വന്നത്. നാട്ടിൽ തുടങ്ങുന്ന ഒരു ആയുവേദ ആശുപത്രിക്ക് സഹായങ്ങൾ ചെയ്തു എന്നത് മാത്രമാണ് തന്റെ റോളെന്നാണ് ഇപിയുടെ നിലപാട്. ഇതാകും നാളെ ചേരുന്ന സെക്രട്ടിയേറ്റിലും അദ്ദേഹം വ്യക്തമാക്കുക.
മകന് പത്ത് ലക്ഷവും ഭാര്യയ്ക്ക് ജില്ലാ ബാങ്കിൽ നിന്ന് കിട്ടിയ വിരമിക്കൽ ആനുകൂല്യങ്ങളും റിസോർട്ടിൽ നിക്ഷേപമാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ എംഡിയായിരുന്ന വ്യവസായി കെപി രമേഷ് കുമാറിനായിരുന്നു വൈദീകത്തിന്റെ നിർമ്മാണ കോൺട്രാക്ടും കൊടുത്തത്. നിർമ്മാണത്തിലെ സാമ്പത്തീക ക്രമക്കേട് കണ്ടെത്തിയതോടെ ഡയറക്ടർ ബോർഡ് ചർച്ചചെയ്ത് രമേഷ് കുമാറിനെ എംഡി സ്ഥാനത്ത് നിന്ന് നീക്കി. ഇയാൾക്കെതിരെ ബോർഡ് അന്വേഷണവും നടത്തുന്നുണ്ട്. ഈ നീക്കത്തിന് പിന്നിൽ താനാണെന്ന് തെറ്റിദ്ധരിച്ച് മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണ് രമേഷ് കുമാറെന്ന് ഇപി സെക്രട്ടറിയേറ്റിൽ വിശദീകരിച്ചേക്കും.
രമേഷ് കുമാറിന്റെ വാദങ്ങളാണ് പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനമെന്ന ഗുരുതര ആരോപണം ഉന്നയിക്കാൻ കൂട്ടുപിടിച്ചതെന്നും വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞതിലെ രാഷ്ട്രീയ ലക്ഷ്യം പരിശോധിക്കണമെന്നും ഇപി സെക്രട്ടറിയേറ്റിൽ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. തന്നെ പ്രതിസ്ഥാനത്ത് നിർത്തുന്ന തരത്തിൽ മാധ്യമങ്ങളോട് സംസാരിച്ചതും കാഞ്ഞങ്ങാട്ട് പ്രസംഗിച്ചതും ചൂണ്ടിക്കാട്ടും. തെറ്റുകാരനെങ്കിൽ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും അറിയിക്കും. ഇപിയുടെ വിശദീകരണത്തോടെ കാര്യങ്ങൾ കൂടുതൽ വഷളാക്കാതെ സെക്രട്ടറിയേറ്റിൽ തന്നെ പറഞ്ഞുതീർക്കാനാണ് നീക്കമെന്ന അഭ്യൂഹം ശക്തമാണ്. അതേസമയം പി ജയരാജന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ അന്വേഷണം വേണമെന്നാണ് പൊതു അഭിപ്രായമെങ്കിൽ ഇപിയ്ക്ക് മുന്നോട്ടുള്ള യാത്ര ശ്രമകരമാകും.